നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കൽ നടപടിയ്ക്കിടെ ആത്മഹത്യചെയ്ത രാജനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെന്ന് റിപ്പോർട്ട്. കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, ആത്മഹത്യശ്രമം നടത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് രാജനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
അഭിഭാഷക കമ്മീഷന്റെ മൊഴിയിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതിനിടെ, രാജന്റേയും ഭാര്യയുടേയും പൊള്ളലേറ്റുള്ള മരണത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായോ എന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജന്റെ രണ്ടുമക്കളും പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ പോലീസ് കാണിച്ച അമിതാവേശം സംശയാസ്പദമാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി രാജന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിച്ചിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടികാഴ്ച്ച നടത്തി. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച്ച. സംഭവം കൈകാര്യം ചെയ്ത രീതിക്കെതിരെ കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിക്ക് ഡിജിപി നേരിട്ട് റിപ്പോർട്ട് നൽകിയത്. സംഭവത്തിന് ഇരുവശമുണ്ടെന്ന് ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്പിയുടെ റിപ്പോർട്ട് കിട്ടിയതിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു.
രാജന്റേയും അമ്പിളിയുടേയും മരണത്തിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുമെന്നതുൾപ്പെടെയുള്ള കളക്ടറുടെ ഉറപ്പുകളിലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച രാജന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ പെടുത്തും. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബാക്കി ആവശ്യങ്ങൾ തീരുമാനിക്കുമെന്നും കളക്ടർ അറിയിച്ചു.
അതേ സ്ഥലത്ത് തന്നെ വീടുവെച്ച് നൽകണം, മക്കൾക്ക് സാമ്പത്തിക സഹായം ഒരാൾക്ക് ജോലി, പരാതിക്കാരിയായ വസന്തയെ അറസ്റ്റ് ചെയ്യണം എന്നിവയാണ് മറ്റു ആവശ്യങ്ങൾ. അതേസമയം, കളക്ടറെ പൂർണ്ണമായും വിശ്വസിക്കുന്നെന്ന് രാജന്റെ മക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post