പാലക്കാട്: മങ്കരയില്‍ മിശ്രവിവാഹിതനായ യുവാവിന് നേരെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് മൂന്ന തവണ ആക്രമണം ഉണ്ടായിട്ടും പോലിസ് ഗൗരവമായി എടുത്തില്ലെന്ന് പരാതി. മങ്കര സ്വദേശി അക്ഷയ് ആണ് ഭാര്യാവീട്ടുകാരുടെ ആക്രമണത്തിന് ഇരയായത്. സംഭവം വെറും അടിപിടി കേസാക്കി ഒതുക്കി തീര്‍ക്കാനാണ് പോലിസ് ശ്രമമെന്നാണ് ബന്ധുക്കളുടെ പരാതി.
തേങ്കുറിശ്ശി ജാതി അഭിമാനക്കൊലയില്‍ പോലീസ് ജാഗ്രതക്കുറവുണ്ടായി എന്ന ആരോപണം ഉയരുന്നതിന് ഇടയിലാണ് സമാന രീതിയിലുള്ള പരാതിയില്‍ പോലീസ് വീണ്ടും അലംഭാവം കാണിക്കുന്നത്. മിശ്രവിവാഹിതനായ മങ്കര സ്വദേശി അക്ഷയ്ക്കുനേരെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന അക്ഷയിനെ ഭാര്യ സുറുമിയുടെ അമ്മാവന്‍മാരായ അബു താഹിര്‍, ഹക്കിം എന്നിവര്‍ ആക്രമിച്ചു എന്നാണ് പരാതി.
വടിവാള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. മുഖത്തും കാലിനും പരിക്കേറ്റെങ്കലും പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടതെന്ന് അക്ഷയ് പറയുന്നു. മൂന്നാമത്തെ അക്രമ സംഭവമാണിതെന്ന് അക്ഷയ് പറഞ്ഞു. അക്ഷയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നുവെന്ന് സുറുമി പറഞ്ഞു. വിവാഹത്തിന് ശേഷം ഇവര്‍ക്കു നേരെ നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ അബു താഹിര്‍, ഹക്കിം എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ക്കെതിരെ അടിപിടി കേസിനുള്ള വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ആയുധം ഉപയോറിച്ച് ആക്രമണം നടത്തിയ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം. ഒക്ടോബര്‍ 2 നായിരുന്നു അക്ഷയും സുറുമിയും വിവാഹിതരായത്.