കൊച്ചി: കൊല്ലം ഏഴുകോണ് സ്വദേശി അനുജിത്തിന് മരണമില്ല. അനുജിത്ത് ഇന്ന് ജീവിക്കുകയാണ് രണ്ട് പേരിലൂടെ. അവയവദാനത്തിലൂടെയാണ് അനുജിത്ത് വീണ്ടും ജീവിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിന്റെ ചെറുകുടലും കൈകളുമാണ് ദാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ആദ്യ ചെറുകുടല്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കൂടിയായിരുന്നു ഇത്. അമൃത ആശുപത്രിയിലാണ് നിര്‍ണ്ണായകമായ ശസ്ത്രക്രിയ നടന്നത്.
പത്ത് വര്‍ഷം മുന്‍പ് റെയില്‍വെ പാലത്തിലെ വിള്ളല്‍ കണ്ട് പുസ്തകസഞ്ചി വീശി ട്രെയിന്‍ നിര്‍ത്തിച്ച് വലിയ അപകടം ഒഴിവാക്കി വാര്‍ത്തകളില്‍ ഇടംനേടിയ വ്യക്തിയാണ് അനുജിത്ത്. ലോക്ഡൗണിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് മാനായി ജോലിനോക്കുമ്പോഴായിരുന്നു ബൈക്ക് അപകടം സംഭവിച്ചത്. മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അനുജിത്തിന്റെ ഭാര്യ പ്രിന്‍സി രാജുവും, സഹോദരി അജല്യയും അവയവദാനത്തിന് തയാറാകുകയായിരുന്നു.
അനുജിത്തിന്റെ ചെറുകുടല്‍ പാലക്കാട് കാഞ്ഞിരത്തില്‍ സ്വദേശിനി ദീപിക(37)യിലേയ്ക്കാണ് മാറ്റിവെച്ചത്. കൈകളാകട്ടെ യമന്‍ സ്വദേശി ഇസ്ലാം മുഹമ്മദിനും. മറ്റു ശസ്ത്രക്രിയകളെ അപേക്ഷിച്ച് ചെറുകുടല്‍ മാറ്റിവയ്ക്കല്‍ സങ്കീര്‍ണ്ണവും വിജയസാധ്യത കുറവുള്ളതുമായാണ് കരുതുന്നത്. അതുകൊണ്ടു തന്നെ കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും വിജയകരമായ ചെറുകുടല്‍ മാറ്റ ശസ്ത്രക്രിയയാണ് കഴിഞ്ഞ ദിവസം അമൃത ഹോസ്പിറ്റലില്‍ നടന്നത്.
2019 ഒക്ടോബറിലാണ് കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ ദീപികയുടെ പേരു ചേര്‍ക്കുന്നത്. സംസ്ഥാനത്ത് എവിടെ നിന്നു ചെറുകുടല്‍ ലഭിച്ചാലും അത് അമൃത ഹോസ്പിറ്റലില്‍ എത്തിക്കുവാന്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക അനുമതി നല്‍കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദീപികയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ തന്നെ ചെറുകുടല്‍ ലഭിച്ചതിനാല്‍ മാത്രമാണ് ദീപികയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനായത്.
സര്‍ക്കാറിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും അവസരോചിതമായ ഇടപെടലും ഈ വിജയത്തിന് പിന്നിലുണ്ട്. 24കാരനാണ് യമന്‍ സ്വദേശി ഇസ്ലാം മുഹമ്മദ്. ആകാശമാര്‍ഗം തിരുവനന്തപുരത്തുനിന്ന് അമൃത ആശുപത്രിയില്‍ എത്തിച്ച കൈകള്‍ 20 മണിക്കൂര്‍ നീണ്ട നാല്പത് പേരടങ്ങുന്ന മെഡിക്കല്‍ സംഘം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഇരു കൈകളും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
യമനിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് മുഹമ്മദിന് കൈയും കണ്ണും നഷ്ടപ്പെട്ടത്. ഒരു വര്‍ഷം മുന്‍പ് അമൃത ഹോസ്പിറ്റലില്‍ നടത്തിയ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടിയിരുന്നു. ഇപ്പോള്‍ കൈകളും. ഈ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് നിറഞ്ഞ മനസോടെ അനുമതി നല്കിയ അനുജിത്തിന്റെ കുടുംബം മലയാളികള്‍ക്ക് അഭിമാനവും മാതൃകയുമാണെന്ന് അമൃത ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പ്രതികരിച്ചു.
Discussion about this post