അച്ഛനും അമ്മയും പോയി, ഒടുവില്‍ തളര്‍ന്ന് വീണ് രാജന്റെ ഇളയമകന്‍ ആശുപത്രിയില്‍, കുട്ടികള്‍ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍

നെയ്യാറ്റിന്‍കര: വീടൊഴിപ്പിക്കാന്‍ പോലീസുകാരെത്തിയതിന് പിന്നാലെ തീകൊളുത്തി മരിച്ച രാജന്‍ അമ്പിളി ദമ്പതികളുടെ ഇളയമകന്‍ ആശുപത്രിയില്‍. മാതാവിന്റെ സംസ്‌ക്കാരത്തിനു ശേഷം തളര്‍ന്നു വീണ രഞ്ജിത്തിനെ ഇന്നലെ രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടി രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ആഹാരം കഴിക്കാത്തതിന്റെ പ്രശ്‌നമാകാം ബോധക്ഷയത്തിനു കാരണമെന്നു ഡോക്ടര്‍മാരും പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ് രാജന്റെ മകന്‍ രഞ്ജിത്ത്.

രഞ്ജിത്തിന് നെഞ്ചുവേദനയാണ് ആദ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് വാഹനത്തിലാണ് രഞ്ജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കുടിയൊഴുപ്പിക്കല്‍ നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികള്‍ കഴിച്ചിരുന്നില്ല. മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്.

തുടര്‍ന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിന്‍തിരിപ്പിക്കാന്‍ രാജന്‍ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജന്‍ പ്രതികരിച്ചിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു.

ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. തുടര്‍ന്ന് രാജന്‍ മരണപ്പെട്ടു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.

Exit mobile version