പ്രളയത്തില്‍ തകര്‍ന്ന ദ്വീപു നിവാസികള്‍ക്ക് നാവികസേനയുടെ കൈതാങ്ങ്; വിവിധ സഹായങ്ങള്‍ എത്തിച്ചത് 56 കുടുംബങ്ങള്‍ക്ക്

എല്ലാ കുടുംബങ്ങള്‍ക്കും കട്ടിലുകള്‍ നല്‍കി.

വരാപ്പുഴ: പ്രളയത്തില്‍ എല്ലാം തകര്‍ന്ന് നില്‍ക്കുന്ന ദ്വീപുനിവാസികള്‍ക്ക് സഹായഹസ്തവുമായി നാവികസേന. ദ്വീപുകളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ചെറിയകടമക്കുടിയിലെ 56 കുടുംബങ്ങള്‍ക്കാണ് വിവിധ സഹായങ്ങളുമായി നാവിക സേന എത്തിയത്. വൈസ് അഡ്മിറല്‍ എകെ ചൗളയുടെ നേതൃത്വത്തിലാണ് നാവികസേനാംഗങ്ങള്‍ എത്തിയത്.

എല്ലാ കുടുംബങ്ങള്‍ക്കും കട്ടിലുകള്‍ നല്‍കി. ദ്വീപ് നിവാസിയായ വീട്ടമ്മ പാചകവാതക സിലന്‍ഡര്‍ ചുമന്നുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അവരുള്‍പ്പടെയുള്ളവര്‍ക്ക് സിലന്‍ഡര്‍ ട്രോളികളും നല്‍കി. ചെറിയകടമക്കുടിയിലെ മൂന്ന് വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കുന്നതിനും ഇതിനുമുമ്പ് നാവികസേന തീരുമാനമെടുത്തിട്ടുണ്ട്.

അതിന്റെ തറക്കല്ലിടല്‍ ചടങ്ങിനായി വന്നപ്പോഴാണ് ഒറ്റപ്പെട്ടുകിടക്കുന്ന ചെറിയകടമക്കുടി ദ്വീപിലെ ജനങ്ങളുടെ ദുരിതാവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്നാണ് പുതിയ കട്ടിലുകള്‍ എത്തിച്ചുനല്‍കാന്‍ തീരുമാനിച്ചത്. നാവികസേനാ വൈസ് അഡ്മിറല്‍ എകെ ചൗള കട്ടിലുകളുടെ വിതരണോദ്ഘാടനം നടത്തി. ചെറിയകടമക്കുടി ദ്വീപിലെ എല്ലാ കുടുംബങ്ങളില്‍ നിന്നുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version