തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കളെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്ജ്യോത് സിങ് ഖോസ സന്ദര്‍ശിച്ചു. പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നുവെന്ന് കുട്ടികള്‍ അറിയിച്ചു. അച്ഛന് സമീപം അമ്മയെയും സംസ്‌കരിക്കണമെന്ന് മക്കള്‍ കളക്ടറോട് ആവശ്യപ്പെട്ടു. അമ്പിളിയുടെ മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ പ്രതിഷേധ സമരം അവസാനിപ്പിച്ചു.
കളക്ടറുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അമ്പിളിയുടെ മൃതദേഹവുമായി വീട്ടിലേക്ക് തിരിച്ച ആംബുലന്‍സ് നാട്ടുകാര്‍ വഴിയില്‍ വെച്ചാണ് തടഞ്ഞത്.
വീടിന് നൂറ് മീറ്റര്‍ ദൂരെ വെച്ചാണ് ആംബുലന്‍സ് തടഞ്ഞത്. കുടുംബത്തോട് മോശമായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യം അംഗീകരിക്കുന്നതു വരെ മൃതദേഹം സംസ്‌കരിക്കാനാവില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം കയ്യേറിയതാണെന്ന് പരാതിപ്പെട്ട അയല്‍വാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാര്‍ വസന്തയുടെ വീടിന് മുന്നില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ കുട്ടികളെ സന്ദര്‍ശിച്ചത്.
സ്ഥലത്തെത്തിയ കളക്ടര്‍ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ചു. അതേസമയം പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.