തിരുവനന്തപുരം: വീട് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെയും ഭാര്യ അമ്പിളിയുടേയും മരണവാര്‍ത്ത കേരളക്കര വേദനയോടെയാണ് കേട്ടത്. രാജന്റെയും അമ്പിളിയുടെയും മരണത്തോടെ ഒറ്റപ്പെട്ടുപോയ രണ്ട് മക്കളും ജനഹൃദയങ്ങളില്‍ നോവാകുന്നു.
അതിനിടെ ഇതേ സാഹചര്യത്തിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു പൊലീസുകാരന്റെ നന്മയുടെ കഥയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. 2017ല്‍ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കോടതി വിധി പ്രകാരം ഒരു വീട് ഒഴിപ്പിക്കാന്‍ സ്ഥലം എസ് ഐയായിരുന്ന അന്‍സലിന് നിര്‍ദ്ദേശം ലഭിക്കുന്നു.
രോഗിയായ ബബിതയും മകള്‍ സൈബയും തെരുവിലേക്കിറങ്ങേണ്ടി വരും എന്ന തിരിച്ചറിവ് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. തന്റെ ഉത്തരവാദിത്തം നിറവേറ്റാനായി അദ്ദേഹം മനസ്സില്ലാമനസോടെ കോടതി വിധി നടപ്പാക്കി. എന്നാല്‍ ആ അമ്മയേയും മകളേയും തെരുവിലേക്ക് ഇറങ്ങാന്‍ അദ്ദേഹം അനുവദിച്ചില്ല.
കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതയേയും വിദ്യാര്‍ത്ഥിയായ മകളേയും അദ്ദേഹം ഒരു വീട് കണ്ടെത്തി അവിടേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി ജനമൈത്രി പൊലീസും അവരുടെ സഹായത്തിനായി ഒപ്പം നിന്നു. തുടര്‍ന്നുള്ള അവരുടെ ആവശ്യങ്ങള്‍ക്ക് അന്‍സല്‍ ഒരു താങ്ങായി ഒപ്പമുണ്ടായിരുന്നു.
പത്തുമാസം പിന്നിട്ടപ്പോള്‍ ആ കുടുംബത്തിന് ഒരു വീട് സ്വന്തമാക്കുവാനും സാധിച്ചു. അവരുടെ സ്വപ്നമായിരുന്ന സ്വന്തമായൊരു വീട് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അവരെ എത്തിച്ചത് അന്‍സല്‍ എന്ന പൊലീസുകാരന്റെ നന്മയും നിശ്ചയദാര്‍ഢ്യവുമാണ്.
ഇതിനായി അദ്ദേഹത്തിന്റെ ഒപ്പം ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരുടേയും സഹായമുണ്ടായിരുന്നു. തന്റെ പ്രവൃത്തിക്ക് കേരള പൊലീസിന്റെ പ്രശംസാ പത്രവും അന്‍സലിന് ലഭിച്ചു. . രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന് ഭാര്യ അമ്പളിയെ ചേര്‍ത്തുപിടിച്ച് പൊട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നതിനിടെ രാജന് മരിച്ചു, പിന്നാലെ അമ്പിളിയും. ഇതോടെ പറക്കമുറ്റാത്ത രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും അനാഥരായി. ഇരുവരുടെയും മരണത്തിന്റെ നടുക്കത്തിലാണ് പോങ്ങില്‍ ഗ്രാമം.
Discussion about this post