പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന് വേണ്ടി ശബ്ദമുയർത്തി ഭാര്യ ഹരിത. അനീഷിനെ കൊലപ്പെടുത്തിയ പ്രതികളായ തന്റെ ബന്ധുക്കൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തോടൊപ്പം കഴിയുമെന്നും കേസിൽ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും ഹരിത പറഞ്ഞു.
‘ഞാൻ ഇനി ഇവിടെത്തന്നെ ഇരിക്കും. ഇവിടെയിരുന്ന് പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാൻ നോക്കും. അവർക്ക് സർക്കാർ കടുത്ത ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം’- അനീഷിന്റെ മാതാപിതാക്കൾക്കൊപ്പം മാധ്യമങ്ങളെ കണ്ട ഹരിതയുടെ വാക്കുകൾ ദൃഢമായിരുന്നു.
ഹരിതയെ മകളെ പോലെ സംരക്ഷിക്കും. അതുതന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നു അനീഷിന്റെ പിതാവ് അറുമുഖനും വ്യക്തമാക്കി. അവളെ തുടർന്നും പഠിപ്പിക്കണം, എന്നാൽ അതിനുള്ള സാമ്പത്തികമായ ശേഷി തങ്ങൾക്കില്ല. ഹരിതയുടെ തുടർപഠനത്തിന് സർക്കാർ സഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അനീഷിനെ കൊലപ്പെടുത്തിയ കേസിൽ ഹരിതയുടെ മുത്തച്ഛൻ കുമരേശ്വൻപിള്ളയെ കൂടി പ്രതി ചേർക്കണമെന്നും അറുമുഖൻ ആവശ്യപ്പെട്ടു. ഹരിത തേങ്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷിനെ പ്രണയിച്ച വിവാഹം ചെയ്തതിനാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹരിതയുടെ പിതാവായ പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവർ ചേർന്ന് അനീഷിനെ കുത്തിക്കൊന്നത്. സംഭവത്തിൽ ഇരുവരെയും പോലീസ് പിടികൂടിയിരുന്നു. കേസിൽ കഴിഞ്ഞദിവസം മുതൽ ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.