നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാൻ പോലീസ് എത്തിയതിനിടെ നടത്തിയ ആത്മഹത്യാശ്രമത്തിൽ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് ഫിറോസ് കുന്നംപറമ്പിൽ. ‘ആര് കൈവിട്ടാലും നിങ്ങളോടൊപ്പം ഞാനുണ്ട്’ ഫിറോസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പറഞ്ഞു. ജനുവരി പകുതി മുതൽ വീടിനുള്ള പ്രവൃത്തികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സഹായം ലഭിച്ചാലും ഇല്ലെങ്കിലും കൂടെയുണ്ടാകുമെന്നും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട് മുന്നിൽ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാമെന്നും ഫിറോസ് പറയുന്നു.
വീടൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പോലീസിനും മുന്നിലാണ് രാജൻ പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച രാജൻ ലൈറ്റർ കത്തിക്കാനോങ്ങിയതിനിടെ തീ പടർന്ന് പിടിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ രാജൻ രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. താൻ തീ കൊളുത്തിയില്ലെന്നും, മരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരൻ ലൈറ്റർ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജൻ ആശുപത്രിയിൽ വച്ച് മൊഴി നൽകിയിരുന്നു.
ഇതിനിടെ, അമ്മയും കൂടി പോയാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മക്കൾ പറയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ 22ാം തീയതിയാണ് രാജനും കുടുംബവും താമസിക്കുന്ന ഷീറ്റ് കൊണ്ട് മറച്ച കുടിലിൽ നിന്നും അവരെ ഒഴിപ്പിക്കാനായി പോലീസ് എത്തിയത്.
ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്…..അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എന്റെ സഹോദരങ്ങൾക്ക് ഒരു വീടൊരുക്കാൻ ഈ ചേട്ടൻ മുന്നിലുണ്ടാവും,ഞങ്ങൾ പണിഞ്ഞു തരും
നിങ്ങൾകൊരു വീട് ……..
നെയ്യാറ്റിൻകരയിൽ ജപ്തി നടപടിയ്ക്കിടെ ദമ്പതികൾ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാൽ അവർക്കുള്ള വീട് സർക്കാർ ഏറ്റെടുത്തു എന്ന് പറയുന്ന വാർത്തയും എന്നാൽ സർക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികൾ പറയുന്ന വാർത്തയും കണ്ടു എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട് മുന്നിൽ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം..
‘