തിരുവനന്തപുരം: വീടും സ്ഥലവും നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍. എന്നാല്‍ തങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി അടിയന്തരനിര്‍ദേശം നല്‍കുകയായിരുന്നു. ഇത് പ്രകാരം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും വീട് വെച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എഎ റഹീം അറിയിച്ചു.
അതേസമയം രണ്ട് മരണങ്ങള് നടന്നതിനെ തുടര്‍ന്ന് രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് കുടുംബത്തിനെതിരെ വിധി നേടിയ പരാതിക്കാരി വസന്ത പ്രതികരിച്ചു. തന്റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത പറഞ്ഞു. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്റെ മക്കളുമായി സംസാരിച്ചു. കേസില്‍ മുന്നോട്ട് പോകില്ല.. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞു.
ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു. റൂറല്‍ എസ്പിയാണ് സംഭവം അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കുക. സിവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണമല്ല, പകരം ദമ്പതികളുടെ മരണത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദമ്പതികളോട് മോശമായി പോലീസ് പെരുമാറിയോ എന്നതടക്കം അന്വേഷണപരിധിയിലുണ്ടാകും.
Discussion about this post