നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ രാജന്റെ കുടുംബത്തിനെതിരെ വിധി നേടിയ വസന്ത പ്രതികരണവുമായി രംഗത്ത്. രണ്ട് മരണങ്ങള് നടന്നതിനെ തുടര്‍ന്ന് രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് പരാതിക്കാരി പ്രതികരിച്ചു. തന്റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത പറഞ്ഞു.
നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്റെ മക്കളുമായി സംസാരിച്ചു. കേസില്‍ മുന്നോട്ട് പോകില്ല.. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ദമ്പതികള്‍ ഇന്നലെ മരിച്ചിരുന്നു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി അമ്പിളി (40)യും അമ്പിളിയുടെ ഭര്‍ത്താവ് രാജന് (47) മാണ് മരിച്ചത്. ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെയ്യാറ്റിന്‍കര പോങ്ങില്‍ ലക്ഷം വീട് കോളനിയിലെ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ് മക്കളുമടങ്ങുന്ന കുടുംബം. രാജന് ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പോലീസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാശ്രമം.
കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കല്‍ നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വച്ച് ഇരുവരും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ തീ പിടിക്കുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. പോലീസ് പിന്മാറാനായിരുന്നു താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജന് പ്രതികരിച്ചിരുന്നു.
അതേ സമയം ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു. റൂറല്‍ എസ്പിയാണ് സംഭവം അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കുക. സിവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണമല്ല, പകരം ദമ്പതികളുടെ മരണത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദമ്പതികളോട് മോശമായി പോലീസ് പെരുമാറിയോ എന്നതടക്കം അന്വേഷണപരിധിയിലുണ്ടാകും.
Discussion about this post