ചേർത്തല: ആലപ്പുഴയിൽ പട്ടികജാതി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റും ബിജെപി പ്രവർത്തകനുമായ പാത്തനാഞ്ജലിക്കൽ സുഖരാജിനെയും കുടുംബത്തേയും ആർഎസ്എസ് പ്രവർത്തകർ വീടുകയറി അക്രമിച്ചെന്ന് പരാതി. കടക്കരപ്പള്ളി നാലാം വാർഡിൽ താമസിക്കുന്ന സുഖരാജ് (45), ഭാര്യ ശ്രീജ (35) അമ്മ രാധാമണി (70) എന്നിവരെ പരിക്കേറ്റനിലയിൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിൽ കയറി അക്രമം നടത്തുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്‌തെന്നാണ് സുഖരാജിന്റെയും കുടുംബത്തിന്റെയും പരാതി.
തന്നേയും കുടുംബത്തേയും ആക്രമിച്ചതിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സുഖരാജ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അക്രമം. അക്രമത്തിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകരായ അജിത്ത്, അജയഘോഷ് എന്നിവരെ പ്രതികളാക്കി പട്ടണക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.
നേരത്തെ, തെരഞ്ഞെടുപ്പിനിടെ ബിജെപിയിൽ സംഘടനവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് കാട്ടി സുഖരാജിനെ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ഈ സംഭവമാണോ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പരിശോധിക്കുന്നത്.
പാർട്ടിയിൽനിന്ന് മാറ്റിയെന്ന് പ്രചാരണം നടത്തുമ്പോഴും പോഷകസംഘടന ഭാരവാഹിത്വത്തിൽ തന്നെയുണ്ടെന്നും ദളിത് വിഭാഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അക്രമമെന്നും സുഖരാജ് ആരോപിച്ചു. എന്നാൽ, സുഖരാജിന്റെ വീട്ടിൽ കയറിയുള്ള അക്രമം വ്യക്തിപരമാണെന്നും ഇതിൽ ബിജെപിക്കോ ആർഎസ്എസിനോ ബന്ധമില്ലെന്നും കടക്കരപ്പള്ളി മണ്ഡലം പ്രസിഡന്റ് എസ് കണ്ണൻ പറഞ്ഞു.
Discussion about this post