കാസര്‍കോട്: ജയില്‍ മെനുവില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഒരു കൂട്ടം തടവുപുള്ളികള്‍ രംഗത്ത്. കാസര്‍ഗോഡ് ചീമേനിയിലെ തുറന്ന ജയിലിലെ തടവുപുള്ളികളാണ് ഭക്ഷണ മെനു മാറ്റം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
അവിയല്‍ കഴിച്ചു മടുത്തെന്നും മറ്റൊരു കറി വേണമെന്നുമാണ് തടവുകാരുടെ പ്രധാന ആവശ്യം. ഈ ആവശ്യം അധികൃതര്‍ ജയില്‍ വകുപ്പിനു കൈമാറുകയും ചെയ്തു. തടവുകാര്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ മൂന്ന് ദിവസങ്ങളിലാണ് അവിയല്‍ ഉള്ളത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നല്‍കുന്ന അവിയല്‍ മാംസാഹാരം കഴിക്കാത്ത തടവുപുള്ളികള്‍ക്ക് മറ്റ് ദിവസങ്ങളിലും നല്‍കും.
മത്സ്യത്തിനും മാംസത്തിനും പകരമാണ് അവിയല്‍ നല്‍കുന്നത്. ഇതോടെ ആഴ്ചയില്‍ എല്ലാ ദിവസവും ഇവര്‍ അവിയല്‍ കഴിക്കേണ്ട സ്ഥിതിയാണ് തടവുകാര്‍ക്ക്. എന്നാല്‍, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഭക്ഷണ മെനു പരിഷ്‌കരിച്ചതിനാല്‍ ഈ നിര്‍ദ്ദേശം നടപ്പിലാവാനുള്ള സാധ്യത വളരെ കുറവാണ്.