തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ രാജന്റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍. അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വീട് വെച്ചു നല്‍കുമെന്നും അറിയിച്ചു.
മാതാപിതാക്കള്‍ നഷ്ടമായതോടെ ഒറ്റപ്പെട്ടുപോയ മക്കളുടെ വിദ്യഭ്യാസം ഏറ്റെടുക്കണമെന്ന് നേരത്തെ രാജന്റെ സഹോദരി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കുടിയൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ രാജന് ശരീരത്തില്‍ ഒഴിക്കുന്നത്.
എന്നാല്‍ പൊലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ്ഐ ലൈറ്റര്‍ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജന് പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെയാണ് പൊലീസ് തങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചതെന്ന് രാജന്റെ മകന് പറഞ്ഞു.
അയല്‍വാസിയുടെ പരാതിയിലാണ് കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടത്. തന്റെ വസ്തു അയല്‍വാസിയുടെ പരാതിയില്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട നടപടിയില്‍ പ്രതിഷേധിക്കാനും ഉത്തരവു നടപ്പിലാക്കാതിരിക്കാനും വേണ്ടിയാണ് രാജന് ശരീരത്തില്‍ പെട്രോളൊഴിച്ചത്. തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന രാജന് മരിച്ചതോടെ നാട്ടുകാരും ബന്ധുക്കളും അന്ത്യവിശ്രമമൊരുക്കിയത് കോടതി ഉത്തരവില്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ച മണ്ണിലാണ്.
ഇതിന് അടുത്തായി അമ്പിളിക്കും അന്ത്യവിശ്രമം ഒരുക്കും. ആശാരിപ്പണിക്കാരനായി രാജന് വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. ഇവരെയാണ് അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഒഴിപ്പിക്കാനായി ഉത്തരവിട്ടത്.
Discussion about this post