തിരുവനന്തപുരം: പുരയിടത്തിൽ നിന്നും ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെ തീപടർന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾ കേരള മനസാക്ഷിയെ കുത്തിനോവിക്കുന്നു. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിൽ തന്നെ കുഴിയെടുത്ത മകനെ പോലീസുകാർ തടയാൻ ശ്രമിക്കുമ്പോഴാണ് കരളലിയിക്കുന്ന സംഭവം ഉണ്ടായത്.
‘സാറേ ഇനിയെന്റെ അമ്മയും കൂടിയേ മരിക്കാനുള്ളൂ സാറേ, നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്. എന്റെ അച്ഛനെയും അമ്മയേം. ഇനി അടക്കാനും പറ്റൂല്ലെന്നോ?’ സോഷ്യൽമീഡിയയിൽ നിറയുകയാണ് ഈ വീഡിയോ. ഇതിനിടയിൽ മറ്റൊരു സ്ത്രീ ഉപദ്രവിക്കരുതെന്ന് രണ്ടും കയ്യും കൂപ്പി പോലീസിനോട് പറയുന്നുമുണ്ട്.
വീടൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പോലീസിനും മുന്നിലാണ് രാജൻ പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച രാജൻ ലൈറ്റർ കത്തിക്കാനോങ്ങിയതിനിടെ തീ പടർന്ന് പിടിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ രാജൻ രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. താൻ തീ കൊളുത്തിയില്ലെന്നും, മരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരൻ ലൈറ്റർ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജൻ ആശുപത്രിയിൽ വച്ച് മൊഴി നൽകിയിരുന്നു.
ഇതിനിടെ, അമ്മയും കൂടി പോയാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മക്കൾ പറയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ 22ാം തീയതിയാണ് രാജനും കുടുംബവും താമസിക്കുന്ന ഷീറ്റ് കൊണ്ട് മറച്ച കുടിലിൽ നിന്നും അവരെ ഒഴിപ്പിക്കാനായി പോലീസ് എത്തിയത്.
രാജന്റേയും അമ്പിളിയിടേയും മരണത്തോടെ രണ്ട് മക്കൾ അനാഥരായി തീർന്നിരിക്കുകയാണ്. രമ്യമായി ചർച്ചചെയ്ത് പരിഹരിക്കാമായിരുന്ന വസ്തു തർക്കം രണ്ട് ജീവനുകളെ അപഹരിക്കുകയും രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കുകയും ചെയ്തത് വലിയ രോഷത്തോടെയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. പോലീസിന്റെ അമിതാവേശവും ക്രൂരമായ നടപടിയും വിമർശനങ്ങൾക്ക് കാരണമാവുകയാണ്. കുടിയൊഴിപ്പിക്കലിന് സ്റ്റേ കിട്ടുമെന്ന് അറിഞ്ഞിട്ടും അതിനു മുൻപേ ഓടിയെത്തി ആ കുടുംബത്തെ വലിച്ച് പുറത്തേക്കിടാൻ അമിതാവേശം കാട്ടിയ കേരളാ പോലീസാണ് അനാഥത്വത്തിനും മരണത്തിനും ഉത്തരവാദിയെന്ന് വിടി ബൽറാം എംഎൽഎ വിമർശിച്ചു.
വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കുടിയൊഴിപ്പിക്കലിന് സ്റ്റേ കിട്ടുമെന്ന് അറിഞ്ഞിട്ടും അതിനു മുൻപേ ഓടിയെത്തി ആ കുടുംബത്തെ വലിച്ച് പുറത്തേക്കിടാൻ അമിതാവേശം കാട്ടിയ കേരളാ പോലീസ് തന്നെയാണ് ആ രണ്ട് മരണങ്ങളുടേയും അത് സൃഷ്ടിച്ച ശൂന്യമായ അനാഥത്വങ്ങളുടേയും പ്രധാന ഉത്തരവാദി. ഭക്ഷണം കഴിച്ച് പൂർത്തിയാക്കാൻ പോലും അനുവദിക്കാത്ത ‘നിയമപാലന’ത്തിടുക്കത്തിന്റെ മിനുട്ടുകൾക്ക് ശേഷം സ്റ്റേ ഉത്തരവ് എത്തുകയും ചെയ്തു!
കഞ്ചാവ് കേസിന്റെ റെയ്ഡിനിടയിൽ പാർട്ടി പ്രമുഖന്റെ കൊച്ചുമോന് നിഡോ പാൽ കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ഓടിയെത്തിയ ബാലാവകാശ കമ്മീഷനടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഈ വിഷയം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. സാംസ്ക്കാരിക ലോകത്തെ ഭജനസംഘമാവട്ടെ, ഇതിലെ ഭരണകൂട ക്രൂരതയെ മറച്ചു പിടിച്ച് വിലാപകാവ്യത്തിൽ മാത്രം ശ്രദ്ധയൂന്നുകയാണ്.
സ്വന്തം കൺമുന്നിൽ മാതാപിതാക്കൾ വെന്തുപൊള്ളിപ്പോയ ഒരു ബാലനോട് പിന്നെയും ‘പോലീസ് ഭാഷ’ യിൽ ആക്രോശിക്കുന്ന മനസ്സാക്ഷിയില്ലാത്തവർ പൊതുഖജനാവിൽ നിന്ന് ഇനി ശമ്പളം വാങ്ങരുത് എന്ന് ഉറപ്പിക്കാൻ കേരളീയ സമൂഹത്തിനാവണം. ഒരൊറ്റ നിമിഷത്തിന്റെ ആളിക്കത്തലിൽ ആരുമില്ലാത്തവരായി മാറിയ, വലിയവരേ സംബന്ധിച്ച് ആരുമല്ലാത്തവരായി നേരത്തേ മാറിയിരുന്ന, ആ കൗമാരങ്ങൾക്ക് സംരക്ഷണവും ആത്മവിശ്വാസവും നൽകാൻ ഭരണകൂടം തയ്യാറായി കടന്നു വരണം. കിറ്റ് പോലുള്ള ഔദാര്യമായിട്ടല്ല, ചെയ്ത തെറ്റിന്റെ പ്രായച്ഛിത്തമായിട്ട്, ഒരു നാടെന്നെ നിലയിലെ ഉത്തരവാദിത്തമായിട്ട്.
Discussion about this post