നെയ്യാറ്റിന്‍കര: കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ മനോവിഷമത്തില്‍ തീകൊളുത്തി ആത്മഹത്യചെയ്ത രാജന്റെയും ഭാര്യയുടേയും മരണം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഇരുവരുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാത്ത വിങ്ങലിലാണ് രാജന്റെ ഗ്രാമം.
നാടിന് നഷ്ടമായത് രാജനെന്ന യഥാര്‍ത്ഥ മനുഷ്യ സ്നേഹിയെ കൂടിയാണ്. കുടുംബം ദാരിദ്രത്തിലാണെങ്കിലും ആശാരിപ്പണിയില്‍ നിന്ന് കിട്ടുന്ന പണത്തില്‍ ഭൂരിഭാഗവും പാവപ്പെട്ടവര്‍ക്കായി നല്കുന്ന രാജന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പങ്കുപറ്റിയവര്ക്കെല്ലാം ഈ മരണങ്ങള് കനത്ത ആഘാതമായിരുന്നു.
ദിവസവും പണിയ്ക്കുപോകുന്ന വഴി കുറഞ്ഞത് 15 പേര്‍ക്കെങ്കിലും പൊതിച്ചോര്‍ എത്തിച്ചിരുന്നയാളായിരുന്നു രാജനെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ രാജനെ ഒടുവില്‍ സ്വന്തം വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെയാണ് പൊലീസ് പുറത്താക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
പൊള്ളലേറ്റ് മരണത്തോട് മല്ലിടുമ്പോഴും താന്‍ ചെയ്തിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പോകണമെന്ന് പപ്പ ഓര്‍മ്മിപ്പിച്ചതായി രാജന്റെ മക്കള്‍ പറയുന്നു. മരണത്തിന്റെ തലേദിവസം മറ്റുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പുതിയ ഫ്ലാസ്കും ഭക്ഷണം കൊണ്ടുപോകാനുള്ള കാരിയറും രാജന് വാങ്ങിയതായി ഇളയ മകന് പറയുന്നു.
ഞാന്‍ മരിച്ചാലും രാവിലെ നീ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണം നല്കാന് പോകണമെന്ന് ഇളയ മകനോട് നിര്‍ദ്ദേശിച്ചിട്ടാണ് രാജന് പോയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന് ഭാര്യ അമ്പളിയെ ചേര്‍ത്തുപിടിച്ച് പൊട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. കുടിയൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ രാജന് ശരീരത്തില്‍ ഒഴിക്കുന്നത്. എന്നാല്‍ പൊലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ്ഐ ലൈറ്റര്‍ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജന് പറഞ്ഞിരുന്നു.
ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെയാണ് പൊലീസ് തങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചതെന്ന് രാജന്റെ മകന് പറഞ്ഞു. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ അയല്‍വാസിയുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഈ ഭൂമിയില്‍ നിന്ന് രാജനെ ഒഴിപ്പിക്കാന്‍ കോടതി വിധിയുണ്ടായി.
ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു രാജന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജനും അമ്പിളിയും യാത്രയായതോടെ പറക്കമുറ്റാത്ത ഇരുവരുടെയും മക്കളായ രാഹുലും രഞ്ജിത്തും അനാഥരായി. രാജന്റെയും അമ്പിളിയുടെയും മരണത്തിന്റെ നടുക്കത്തിലായി പോങ്ങില്‍ ഗ്രാമവും.
Discussion about this post