പാലക്കാട്: ബിജെപി ഭരണം നിലനിർത്തിയ പാലക്കാട് നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനിടെ ബിജെപി കൗൺസിലർ വോട്ട് മാറി ചെയ്തത് ബഹളത്തിനിടയാക്കി. ബിജെപി മൂന്നാം വാർഡ് കൗൺസിലർ വി നടേശനാണ് ബിജെപി സ്ഥാനാർത്ഥിക്ക് പകരം വോട്ട് മാറി സിപിഎമ്മിന് ചെയ്തത്.
ബിജെപിക്ക് പകരം സിപിഎമ്മിന് വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ തന്നെ അബദ്ധം തിരിച്ചറിഞ്ഞ നടേശൻ ബാലറ്റ് തിരിച്ചെടുക്കുകയും ചെയ്തു. ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയതോടെ ബോക്സിലിട്ടില്ലെന്ന പേരിൽ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്. എന്നാൽ ഇത് വലിയ ബഹളത്തിനിടയാക്കി.
ഈ തീരുമാനത്തെ ചോദ്യം ചെയ്ത് യുഡിഎഫും എൽഡിഎഫും എതിർപ്പുമായി രംഗത്തു വന്നു. ബാലറ്റ് തിരിച്ചെടുത്ത് പുതിയ വോട്ട് സ്വീകരിക്കണമെന്ന് ബിജെപിയും ആവർത്തിച്ചു. എന്നാൽ ബാലറ്റ് തിരിച്ചെടുത്തത് അംഗീകരിക്കാൻ പറ്റില്ല എന്ന് യുഡിഎഫും എൽഡിഎഫും നിലപാട് കടുപ്പിച്ചു. ബാലറ്റ് തിരിച്ച് നൽകിയില്ലെങ്കിൽ നടപടി നേരിടുമെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു. തുടർന്ന് നടേശന്റെ വോട്ട് അസാധുവായതായി വരണാധികാരി പ്രഖ്യാപിച്ചു.
Discussion about this post