എന്റെ അനീഷേട്ടന് നീതികിട്ടുംവരെ ഞാനിവിടെയുണ്ടാകും; ഈ വീട്ടിൽത്തന്നെ താമസിക്കും; ദുരഭിമാന കൊലയ്ക്കിരയായ ഭർത്താവിന് വേണ്ടി ഹരിതയുടെ പോരാട്ടം

Aneesh and Haritha| Kerala News

ആലത്തൂർ: കേരളത്തെ തന്ന ഞെട്ടിച്ച പാലക്കാട്ടെ ദുരഭിമാനകൊലപാതകം തകർത്തത് ഹരിതയെന്ന 19കാരിയുടെ ജീവിതവും സ്വപ്‌നങ്ങളുമായിരുന്നു. വിവാഹംകഴിഞ്ഞ് മൂന്നു മാസം തികയുന്നതിന് തൊട്ടുമുമ്പാണ് അനീഷിനെ ഹരിതയുടെ വീട്ടുകാർ വെട്ടിക്കൊലപ്പെടുത്തിയത്.

‘എന്റെ അനീഷേട്ടന് നീതികിട്ടുംവരെ ഞാനിവിടെത്തെന്നെയുണ്ടാകും’-അനീഷിന്റെ മരണത്തിന്റെ തീരാദുഃഖത്തിനിടയിലും ഹരിതയുടെ വാക്കുകളിൽ നിശ്ചയദാർഢ്യം പ്രകടം. പ്രണയിച്ചവന്റെ കൂടെ എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ച ഹരിത വീട്ടുകാർ തന്നെ തന്റെ ജീവിതം തകർക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

തന്റെ ജീവിതം തല്ലിക്കെടുത്തിയവർക്ക് കടുത്തശിക്ഷ കിട്ടണം. അനീഷിന്റെ ഭാര്യയായി ഈ വീട്ടിൽത്തന്നെ താമസിച്ച് നിയമപോരാട്ടം നടത്തും- ഹരിത പറയുന്നു. അച്ഛനും അമ്മാവനും മുത്തച്ഛനും ചേർന്ന് ആലോചിച്ചുറപ്പിച്ച് ചെയ്തതാണ് ഈ കൊലപാതകം. ആർക്കും ഇങ്ങനെ ഒരു ഗതി ഇനി ഉണ്ടാവരുത്. നീതികിട്ടുംവരെ പോരാടും. അവർക്ക് കടുത്ത ശിക്ഷതന്നെ കിട്ടണം.- വീട്ടുകാരുടെ ജാതിവെറി ഭർത്താവിന്റെ ജീവനെടുത്തത് ഹരിതയ്ക്ക് പൊറുക്കാനാകുന്നില്ല.

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ഹരിതയും അനീഷും തമ്മിലുള്ള പ്രണയബന്ധം വീട്ടിലറിഞ്ഞത്. അച്ഛൻ ചീത്തവിളിക്കുകയും തല്ലുകയും ചെയ്തു. ജാതിയിലും സമ്പത്തിലും ‘താഴ്ന്നവന്’ വിവാഹംചെയ്ത് കൊടുക്കില്ലെന്ന് അച്ഛനും അമ്മാവനും മുത്തച്ഛനും ഉറപ്പിച്ചു പറഞ്ഞു.

‘കൊടുവായൂരിലെ കോളേജിൽ ബിബിഎ രണ്ടാംവർഷം പഠിക്കുകയാണ് ഞാൻ. 18 വയസ്സ് തികഞ്ഞപ്പോൾത്തന്നെ വീട്ടിൽ വേറെ വിവാഹാലോചന തുടങ്ങി. തിരക്കിട്ട് പെണ്ണുകാണൽ. സെപ്റ്റംബർ 27ന് വീട്ടുകാർ കോയമ്പത്തൂരിൽ ചെറുക്കൻവീട് കാണാൻ പോയപ്പോൾ അനീഷിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. ആ വഴിക്കുതന്നെ മണ്ണാർക്കാടിനടുത്ത ക്ഷേത്രത്തിൽവെച്ച് താലികെട്ടി. അച്ഛൻ കുഴൽമന്ദം പോലീസിൽ പരാതിനൽകി. അനീഷേട്ടനൊപ്പം പോകാനാണ് താത്പര്യമെന്ന് പറഞ്ഞതിനാൽ പോലീസ് അതനുവദിച്ചു.’- ഹരിത തന്റെ വിവാഹം നടന്നത് വിവരിച്ചതിങ്ങനെ.


വിവാഹം കഴിഞ്ഞ് അനീഷും ഹരിതയും അനീഷിന്റെ ജ്യേഷ്ഠൻ ആലത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് പോയത്. പഠനാവശ്യത്തിന് മധ്യസ്ഥൻമുഖേന എസ്എസ്എൽസി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ഹരിതയുടെ അച്ഛൻ കൊടുത്തുവിട്ടു. അമ്മാവൻ സുരേഷ് മദ്യപിച്ച് അഞ്ചോളം തവണ അനീഷിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. പിന്നീട് ഒരിക്കൽ ഡിസംബർ എട്ടിന് സുരേഷ് വീട്ടിൽവന്നിട്ട് പോകുമ്പോൾ അനീഷിന്റെ അനുജന്റെ മൊബൈൽഫോൺ എടുത്തുകൊണ്ടുപോയി. പോലീസിൽ പരാതിനൽകിയെങ്കിലും കേസെടുക്കുകയോ താക്കീത് ചെയ്യുകയോ ഫോൺ വീണ്ടെടുത്ത് നൽകുകയോ ചെയ്തില്ല. വീട്ടില് വന്ന് ബഹളം വെയ്ക്കുമ്പോഴും ഭീഷണിപ്പെടുത്തുമ്പോഴും അനീഷിന്റെ ജീവനവർ എടുക്കുമെന്ന് ആരും കരുതിയിരുന്നില്ല.

Exit mobile version