കോട്ടയം: വർഷങ്ങൾ നീണ്ട നീതിക്കായുള്ള പോരാട്ടത്തിൽ പലരും മൊഴി മാറ്റിയും കാലുമാറിയും പ്രതികൾക്ക് ഒപ്പം നിലകൊണ്ടിട്ടും പിന്മാറാതെ മൊഴിയിൽ ഉറച്ചുനിന്ന രാജുവിന് അഭിനന്ദന പ്രവാഹമാണ്. കോടികളുടെ വാഗ്ദാനം ഉണ്ടായിട്ടും സിസ്റ്റർ അഭയ കൊല്ലപ്പെട്ട സമയത്ത് കന്യാസ്ത്രീകളുടെ കോൺവെന്റിൽ വൈദികരെ കണ്ടുവെന്ന മൊഴിയിൽ രാജു ഉറച്ചുനിന്നതാണ് അഭയയ്ക്ക് നീതി ലഭിക്കാൻ കാരണമായത്.
പ്രലോഭനങ്ങൾക്കു പിന്നാലെ മർദ്ദനവും ഭീഷണിയും തന്നെ പ്രതിയാക്കാനുള്ള ശ്രമവും നടന്നിട്ടും രാജു പിന്മാറിയില്ല. തോമസ് കോട്ടൂരിനും സെഫിക്കും ജീവപര്യന്തം ശിക്ഷ തന്നെ വാങ്ങി കൊടുക്കാൻ രാജുവിന്റെ മൊഴി നിർണായകമായി. പയസ് ടെൻത് കോൺവെന്റിൽ മോഷണത്തിന് കയറിയപ്പോൾ പ്രതികളെ കണ്ടുവെന്ന മൊഴി മാറ്റി പറയുന്നതിന് ലക്ഷങ്ങളാണ് സഭാ അധികൃതർ വാഗ്ദാനം ചെയ്തത്. വഴങ്ങാതിരുന്ന രാജുവിനെ പ്രതിയാക്കാനായി മോഷണ ശ്രമത്തിനിടെ അഭയയെ കൊന്നത് രാജുവാണെന്ന കഥയും അന്വേഷണസംഘം ചമച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും ക്രൂര മർദ്ദനവും ഉണ്ടായി. പ്രമുഖ അഭിഭാഷകൻ മണിക്കൂറുകളോളം വിസ്തരിച്ചിട്ടും അഭയയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസം പുലർച്ചെ മോഷണ ശ്രമത്തിനിടയിൽ വൈദികരെ കോൺവെന്റിൽ കണ്ടുവെന്ന മൊഴിയിൽ രാജു ഉറച്ചു നിൽക്കുകയായിരുന്നു.
എന്നാലിപ്പോഴിതാ പ്രലോഭനങ്ങളിൽ വീഴാതെ നീതി ദേവതയെ സംരക്ഷിച്ച രാജുവിന് നാട്ടുകാരുടെ വക സ്‌നേഹസമ്മാനങ്ങളുടെ ഒഴുക്കാണ്. അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. 15 ലക്ഷം രൂപയോളം കഴിഞ്ഞ ദിവസംവരെ രാജുവിന്റെ അക്കൗണ്ടിൽ എത്തിയെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്മസ് ആഘോഷത്തിന് അക്കൗണ്ടിലുള്ള ചെറിയ തുക പിൻവലിക്കാൻ എടിഎമ്മിലെത്തിയപ്പോഴാണ് രാജു ലക്ഷങ്ങൾ അക്കൗണ്ടിൽ വന്നത് അറിഞ്ഞത്.
അഭയയെ കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചാൽ രണ്ടു ലക്ഷം രൂപയ്ക്കു പുറമേ വീടും നൽകാമെന്നായിരുന്നു പൊളിഞ്ഞുവീഴാറായ കൂരയിൽ കഴിയുന്ന രാജുവിന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അന്നും ഇന്നും രണ്ടു സെന്റ് വീട്ടിൽ ബുദ്ധിമുട്ടി കഴിയുമ്പോഴും മൊഴി മാറ്റാൻ രാജു തയ്യാറായില്ല. രാജുവിന്റെ സത്യസന്ധത മാധ്യമങ്ങളിൽ വാർത്തയായപ്പോൾ തന്നെ അക്കൗണ്ട് നമ്പറും പല മാധ്യമങ്ങളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് സ്‌നേഹ സംഭാവനയായി വലിയ തുക എത്തിയിരിക്കുന്നത്.
‘എനിക്ക് കാശൊന്നും വേണ്ട ആ കുഞ്ഞിന് നീതി കിട്ടിയല്ലോ. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടല്ലോ. അതിന് കാരണക്കാരനായതിന്റെ സന്തോഷം മതി’- ഇതു തന്നെയാണ് രാജുവിന് ഇപ്പോഴും പറയാനുള്ളത്.
Discussion about this post