തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ കെ മുരളീധരനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററുകളില്‍ ഉള്ളത്.
തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളുമായി എഐസിസി സംഘം ചര്‍ച്ച തുടരുന്നതിനിടെയാണ് നേതൃമാറ്റം ആവശ്യപ്പെട്ട് പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേന്ദ്ര നേതാക്കളുടെ ശ്രദ്ധ കൂടി ലഭിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണ് തിരുവനന്തപുരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബര്‍ 28 ന് രാവിലെ കെപിസിസി ആസ്ഥാനത്ത് പ്രത്യേക ചടങ്ങുകളുണ്ട്. അതിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും സെക്രട്ടറിമാരും സംസ്ഥാനനേതാക്കളും കെപിസിസി ആസ്ഥാനത്ത് നിന്ന് പ്രകടനമായി രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രകടനമായി പോകും.
ആ പ്രകടനം കടന്നു പോകുന്ന വഴികളിലാണ് കെ മുരളീധരനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എഐസിസി സംഘം ഉടന്‍ തന്നെ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post