മുള്ളേരിയ: സമയോചിതമായ ഇടപെടലിൽ പുഴയിൽ മുങ്ങിത്താണ നാലു സ്ത്രീകളെ രക്ഷിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിനിടയിലും ജയന്റെയും ഉദയന്റെയും മനസിനെ നീറ്റുകയാണ് വിൻസെന്റിന്റെ വിയോഗം. നാല് സ്ത്രീകൾ പുഴയിൽ മുങ്ങിത്താഴുന്നതു കണ്ട് അവരെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മറ്റൊരാൽ കൂടി വെള്ളത്തിൽ അകപ്പെട്ടിരുന്നെന്ന് രക്ഷപ്പെട്ടവർ പറഞ്ഞിരുന്നില്ല. ഇതുകാരണമാണ് ജയനും ഉദയനും മുമ്പെ ഇതേസ്ത്രീകളെ രക്ഷിക്കാനിറങ്ങിയ വിൻസെന്റിന് ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നത്.
വിൻസെന്റിന്റെ മകൾ പ്രീതിക, രണ്ടാം ഭാര്യ തളങ്കര സ്വദേശിനി നസീമയുടെ ആദ്യ വിവാഹത്തിലെ മക്കളായ തല്‌സിന, തസ്‌ലിഫ, അയൽവാസി ശശികല എന്നിവരാണ് പയസ്വിനിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്.
ഇവരെ കടുമനയിലെ ഉദയനും ജയനുമാണ് രക്ഷിച്ചത്. അടിയൊഴുക്ക് ശക്തമായ പുഴയിലേക്ക് ചാടിയിറങ്ങി രക്ഷപ്പെടുത്തുന്നത് അപകടം നിറഞ്ഞതായതിനാൽ മുള കൊണ്ടുള്ള വലിയ തോട്ടി വെള്ളത്തിലേക്ക് ഇട്ടുകൊടുത്താണ് ഇവർ 4 പേരെയും കരയിലേക്ക് കയറ്റിയത്.
തേപ്പ് തൊഴിലാളിയായ ജയൻ ക്രിസ്മസ് പ്രമാണിച്ചാണ് വെള്ളിയാഴ്ച ലീവെടുത്തത്. ഉദയൻ കെഎസ്ഇബിയിലെ കരാർ തൊഴിലാളിയാണ്. ക്രിസ്മസായതിനാൽ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ജയൻ പതിവുപോലെ നാട്ടുകാർ കൂടിയിരിക്കാറുള്ള പുഴവക്കിലെ കടയുടെ സമീപം ഇരിക്കുന്നതിനിടെയാണ് പുഴയിൽ നിന്നു രണ്ടു സ്ത്രീകളുടെ നിലവിളി കേട്ടത്. അവധി ദിവസങ്ങളിൽ ഒട്ടേറെപ്പേർ കടുമനയിലേക്ക് കുളിക്കാനെത്താറുണ്ട്. കടുമന തൂക്കുപാലവും പരന്നു കിടക്കുന്ന പയസ്വിനി പുഴയുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിളി കേട്ടപ്പോൾ പുഴയിൽ അപകടം സംഭവിച്ചെന്ന് ജയന് മനസിലായി.
നിലവിളി കേട്ട ദിക്കിലേക്ക് നോക്കിയപ്പോൾ 4 സ്ത്രീകൾ വെള്ളത്തിൽ കിടന്ന് പിടയുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ തന്നെ ജയൻ കുറച്ച് അപ്പുറത്തുണ്ടായിരുന്ന ഉദയനെ വിളിച്ചു വരുത്തി. കെഎസ്ഇബിയിലെ ടച്ചിങ്‌സ് വെട്ടിമാറ്റുന്ന ഉദയന്റെ കയ്യിൽ മുള കൊണ്ടുള്ള വലിയ തോട്ടി ഉണ്ടായിരുന്നു. പുഴയുടെ സമീപത്തെ ഒരു വീട്ടിലാണ് തോട്ടി ഉണ്ടായിരുന്നത്. അതുമായിട്ടാണ് ഉദയൻ പാഞ്ഞെത്തിയത്.
തോട്ടി വെള്ളത്തിലേക്ക് നീട്ടിക്കൊടുത്തപ്പോൾ 3 പേർ അതിൽ പിടിച്ചു. അവരെ വലിച്ചു കരയിലേക്ക് കയറ്റി. ഒരു സ്ത്രീ അൽപം താഴെയായി മരണത്തോട് മല്ലിടുകയായിരുന്നു. അവരെ ജയൻ നീന്തിയാണ് കരയിലെത്തിച്ചത്.
പുറത്തെടുക്കുമ്പോഴേക്കും 2 പേരുടെ ബോധം ഏതാണ്ട് നഷ്ടമായിരുന്നു. എന്നാൽ ഇവരെ രക്ഷിക്കാൻ ശ്രമിക്കവെ മുങ്ങിപ്പോയ വിൻസെന്റിനെ കാണാത്ത കാര്യം പുറത്തെടുത്തതിനു ശേഷവും അവർ പറഞ്ഞില്ല. പിന്നീട് ആദൂർ പോലീസ് എത്തി ഇവരോട് കാര്യങ്ങൾ ചോദിച്ചപ്പോൾ മാത്രമാണ് വിൻസെന്റിനെ കാണാതായ കാര്യം പറയുന്നത്. തുടർന്നു നീന്തൽ അറിയാവുന്ന നാട്ടുകാർ പുഴയിൽ മുങ്ങി നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
പുറമെയുള്ള ശാന്തത ഉള്ളിലില്ലാത്ത പുഴയാണ് പയസ്വിനി. ബംഗളൂരു സ്വദേശിയായ വിൻസെന്റിന്റെ ജീവനെടുത്തതും ഈ അടിയൊഴുക്കാണ്. ഭാര്യമാരായ നാൻസി, നസീമ, മകൾ പ്രീതിക(14), രണ്ടാം ഭാര്യ നസീമയുടെ ആദ്യ വിവാഹത്തിലെ മക്കളായ തസ്‌ലിന(21), തസ്‌ലിഫ(22), അയൽവാസി ശശികല എന്നിവരോടൊപ്പമാണ് വിൻസെന്റ് കടുമനയിലെത്തിയത്. ഇതിൽ വിൻസെന്റും ഭാര്യമാരും പുഴയിലിറങ്ങാതെ കരയിൽ ഇരിക്കുകയായിരുന്നു. ബാക്കിയുള്ളവർ വെള്ളത്തിൽ ഇറങ്ങി കളിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനാണ് വിൻസെന്റും നസീമയും പുഴയിലേക്ക് ചാടിയത്
Discussion about this post