പത്തനംതിട്ട: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ തെരഞ്ഞെടുത്ത് അമ്പരപ്പിച്ച എൽഡിഎഫും സിപിഎമ്മും ഇപ്പോഴിതാ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനേയും തീരുമാനിച്ചിരിക്കുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് 21കാരി രേഷ്മ മറിയം റോയ് എത്തുകയാണ്.
വോട്ടെടുപ്പിന് മുമ്പ് തന്നെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെന്ന നിലയിലാണ് രേഷ്മ ശ്രദ്ധേയയായത്. വളർന്നുവരുന്ന നേതാവെന്ന നിലയിലും, നേതൃപാടവം കണക്കിലെടുത്തുമാണ് രേഷ്മ മറിയം റോയിയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചതെന്ന് സിപിഎം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. തീരുമാനം പാർട്ടി യോഗത്തിൽ രേഷ്മയെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു രേഷ്മ മറിയം റോയ്. 21 വയസ് തികഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് രേഷ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. 2020 നവംബർ 18നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19 ആയിരുന്നു.
അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡിൽനിന്നാണ് രേഷ്മ മറിയം റോയ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ വാർഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്താണ് രേഷ്മ ജനകീയയായി വിജയിച്ചു കയറിയത്.
കോന്നി വിഎൻഎസ് കോളേജിൽനിന്ന് ബിബിഎ പൂർത്തിയാക്കിയ രേഷ്മ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. റോയ് പി മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫൻസ് കോളേജിലെ ജീവനക്കാരിയാണ്. ഏകസഹോദരൻ റോബിൻ മാത്യു റോയ്.
Discussion about this post