കണ്ണൂർ: യുഡിഎഫിന് ഇത്തവണ ലഭിച്ച ഏക കോർപറേഷനായ കണ്ണൂരിൽ അഡ്വ. ടിഒ മോഹനൻ മേയറാകും. ഞായറാഴ്ച നടന്ന കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ വോട്ടെടുപ്പ് നടത്തിയാണ് അഡ്വ. ടിഒ മോഹനനെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. മുസ്ലിം ലീഗിനാണ് ഡെപ്യൂട്ടി മേയർ സ്ഥാനം.
ഭരണം ലഭിച്ചെന്നുറപ്പായപ്പോൾ, മിനിറ്റുകൾക്കകം മേയറെ കണ്ടെത്താൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഡിസിസി തന്നെ സ്വയം പരിഹാസ്യരാകുന്നതാണ് അധികാര വടംവലിക്ക് ഇടയിൽ കണ്ടത്. കൗൺസിലർമാർക്കും നേതൃത്വത്തിനും ഇടയിൽ തർക്കം മൂത്തതോടെ വോട്ടെടുപ്പ് വേണ്ടി വന്നു കൊൺസിലറെ തീരുമാനിക്കാൻ.
ഏതാനും ദിവസങ്ങളായി കോൺഗ്രസ് നേതൃത്വം നടത്തിയ മാരത്തോൺ ചർച്ചകളിലൊന്നും സമവായത്തിൽ മേയർ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ കോർപറേഷൻ കോൺഗ്രസ് പാർട്ടി കൗൺസിൽ യോഗം വിളിച്ചു ചേർക്കുകയായിരുന്നു. ഇതിലും സമവായത്തിൽ എത്താനാകുന്നില്ലെങ്കിൽ വോട്ടെടുപ്പ് നടത്തി മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കെപിസിസി നിർദേശം നൽകിയിരുന്നു.
യോഗത്തിന് മേൽനോട്ടം വഹിക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിസിസി ഓഫിസിൽ നടന്ന യോഗത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരും സംബന്ധിച്ചിരുന്നു.
മുൻ ഡെപ്യൂട്ടി മേയർ പികെ രാഗേഷും അഡ്വ. ടിഒ മോഹനനും തമ്മിലായിരുന്നു പ്രധാനമായും മേയർ സ്ഥാനത്തിനായി പിടിവലി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് അടക്കം മൂന്നുപേരാണ് ആദ്യം രംഗത്തുണ്ടായിരുന്നത്. പികെ രാഗേഷും ടിഒ മോഹനനും ഉറച്ചു നിന്നതോടെ മാർട്ടിൻ ജോർജ് ഒഴിവായി.
പിന്നീട് നടന്ന വോട്ടെടുപ്പിൽ ടിഒ മോഹനന് 11 വോട്ടും പികെ രാഗേഷിന് ഒമ്പത് വോട്ടും കിട്ടി. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഡ്വ. ടിഒ മോഹനൻ മേയറാകാൻ തെരഞ്ഞെടുക്കപ്പെട്ടത്. മിനിറ്റുകൾക്കകം മേയറെ തീരുമാനിക്കാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി മാധ്യമ പ്രവർത്തകരോട് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ദിവസങ്ങളായി ചർച്ച നടത്തിയിട്ടും തീരുമാനമുണ്ടായില്ല.
കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അഡ്വ. ടിഒ മോഹനൻ ഡിസിസി ജനറൽ സെക്രട്ടറി കൂടിയായിരുന്നു. നിലവിൽ കെപിസിസി നിർവാഹക സമിതിയംഗമാണ്. 34 വർഷമായി കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിക്കുന്നു.
Discussion about this post