കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായി കൂട്ട് കൂടിയാല്‍ കൂടിയവര്‍ നശിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് നടക്കുന്ന യോഗത്തില്‍ നിന്ന് ജമാഅത്തൈ ഇസ്ലാമിയെ ഒഴിവാക്കിയത് അവരുടെ നിലപാടുകള്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രനിലപാടുകളുള്ള മത രാഷ്ട്രവാദികളെ മാറ്റി നിര്‍ത്തണമെന്നാണ് സമസ്ത നിലപാടെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തൈ ഇസ്ലാമിയുമായി കൂട്ട് കൂടിയാല്‍ കൂടിയവര്‍ നശിക്കും. കോണ്‍ഗ്രസില്‍ ഇപ്പോള്‍ അതാണ് സംഭവിക്കുന്നതെന്നും ഉമര്‍ ഫൈസി പറഞ്ഞു.
യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയത് പ്രാദേശിക നീക്കുപോക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയാല്‍ സമസ്ത എതിര്‍ക്കുമെന്നും ഉമര്‍ ഫൈസി പറഞ്ഞു. നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും ജമാഅത്തൈ ഇസ്ലാമിക്കെതിരെ പറഞ്ഞിരുന്നു.
മുസ്ലീം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല.അതുകൊണ്ടുതന്നെ മതസംഘടന എന്നനിലയില്‍ ജമാആത്തിനോട് സമസ്തയ്ക്ക് എതിര്‍പ്പുണ്ട്. മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
Discussion about this post