തിരുവനന്തപുരം: പുതിയ പാര്‍ട്ടിയായ കേരള പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങാനിരുന്ന ഘട്ടത്തില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുത്തപ്പോളുള്ള അനുഭവം തുറന്നു പറഞ്ഞ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ദേവന്‍. മീറ്റിങ്ങില്‍ വെച്ച് ഒരാള്‍ ചോദിച്ച ചോദ്യവും അതിന് താന്‍ നല്‍കിയ ഉത്തരവുമാണ് ദേവന്‍ പറയുന്നത്.
പുതിയ പാര്‍ട്ടി തുടങ്ങുന്നതിനുള്ള കാരണം മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കണമെന്ന് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതിന്റെ ഭാഗമായി 500 ഓളം പേരുള്ള ഒരു മീറ്റിങ്ങില്‍ പങ്കെടുത്തുവെന്നും അതില്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നുവെന്നും ദേവന്‍ പറയുന്നു.
‘മീറ്റിങ്ങില്‍ വെച്ച് ഒരാള്‍ ചോദിച്ചു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതിനുള്ള കാരണമെന്താണെന്ന്. ഉടന്‍ തന്നെ ഐ ലവ് മൈ കണ്‍ട്രി എന്ന് ഞാന്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ മറ്റൊരാള്‍ എണീറ്റു നിന്ന് പറഞ്ഞു, ഈ ചോദ്യം ഇവിടെ വന്ന വലിയ വലിയ രാഷ്ട്രീയ പാര്‍ട്ടികാരോടെല്ലാം ചോദിച്ചിരുന്നുവെന്നും അവരെല്ലാം ഉത്തരം പറയാന്‍ പത്ത് പതിനഞ്ച് മിനുട്ട് എടുത്തുവെന്നും. എന്നാല്‍ ദേവന്‍ ഉത്തരം നല്‍കിയത് ഒറ്റവാക്കിലാണും പറഞ്ഞ് അവര്‍ എന്നെ അഭിനന്ദിച്ചു’, ദേവന്‍ പറയുന്നു.
കൗമുദിയുടെ അഭിമുഖത്തിലാണ് ദേവന്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയുന്നത്. തന്റെ ആ ഉത്തരത്തില്‍ എല്ലാമുണ്ടായിരുന്നുവെന്നും ദേവന്‍ പറയുന്നു. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ തനിക്ക് മാത്രമാണ് ചങ്കൂറ്റത്തോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ കഴിഞ്ഞതെന്നും കേരളം വളരെ പ്രബുദ്ധമാണെങ്കിലും ആ പ്രബുദ്ധതയാണ് കേരളത്തിന്റെ പ്രശ്നമെന്നും അഭിമുഖത്തില്‍ ദേവന്‍ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നേരത്തേ ദേവന്‍ പറഞ്ഞിരുന്നു. 20 മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും ആറിടത്ത് വിജയിക്കുമെന്നുമായിരുന്നു ദേവന്‍ പറഞ്ഞത്.
Discussion about this post