പാലക്കാട്ടെ ദുരഭിമാനക്കൊല; കൊലയുടെ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനെന്ന് അനീഷിന്റെ കുടുംബം, കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയുടെ മുഖ്യ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ള ആണെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. അനീഷിന് പണം നല്‍കി ഹരിതയെ തിരിച്ച് വീട്ടിലെത്തിക്കാന്‍ മുത്തച്ഛന്‍ ശ്രമിച്ചിരുന്നുവെന്നാണ് അനീഷിന്റെ കുടുംബം പറയുന്നത്.

അതേസമയം കേസിലെ പ്രതികളെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പില്‍ ആയുധം അനീഷിനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇവിടെ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.


കഴിഞ്ഞ ദിവസമാണ് തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനായ അനീഷ് കൊല്ലപ്പെട്ടത്. കാലില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യാപിതാവിനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, പ്രഭുകുമാറിന്റെ ഭാര്യാസഹോദരന്‍ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും.

മൂന്നുമാസം തികച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഹരിതയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഒക്ടോബര്‍ 27നാണ് ഹരിത അനീഷിനൊപ്പം വീടുവിട്ട് ഇറങ്ങിവന്നത്. അന്നുതന്നെ ഇവര്‍ കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ ഹാജരായി. അനീഷിനൊപ്പം പോകാന്‍ അനുവദിക്കണമെന്ന് 18 വയസ് പൂര്‍ത്തിയായ ഹരിതയുടെ നിയമപരമായ ആവശ്യം പോലീസ് അംഗീകരിച്ചു. പിന്നീട് ഇവര്‍ ക്ഷേത്രത്തില്‍വെച്ച് താലികെട്ട് നടത്തുകയും ചെയ്തു.

Exit mobile version