തൃശ്ശൂര്‍: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ പുറത്തിറക്കിയ തൃശൂര്‍ അതിരൂപതയ്ക്ക് മറുപടിയുമായി ഒരു കൂട്ടം വിശ്വാസികള്‍. സിസ്റ്റര്‍ അഭയയുടെ കലണ്ടര്‍ പുറത്തിറക്കിയാണ് മറുപടി നല്‍കിയിരിക്കുന്നത്.
അഭയ കേസിലെ വിധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം (കെ.സി.ആര്‍.എം) കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ നടത്തിയ പരിപാടിയിലാണു കലണ്ടര്‍ പ്രകാശനം ചെയ്തത്. സംഭവത്തിന്റെ ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
ചടങ്ങില്‍ അഭയ കേസിലെ മുഖ്യസാക്ഷി രാജുവിനെ അനുമോദിക്കുകയും ചെയ്തു. ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടര്‍ കെസിആര്‍എം പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച കത്തിച്ച് പ്രതിഷേധിച്ചിരുന്നു. തൃശൂര്‍ രൂപതയാണ് 2021 വര്‍ഷത്തെ കലണ്ടറില്‍ രൂപത ബിഷപ്പിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്.
ഫ്രാങ്കോയുടെ ജന്‍മദിനം അടയാളപ്പെടുത്തുന്നതിനായിരുന്നു അത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ തടവില്‍ കഴിഞ്ഞ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. ഇപ്പോള്‍ ബിഷപ്പ് ജാമ്യത്തിലാണെങ്കിലും കേസ് കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ഒരു കൂട്ടം വിശ്വാസികള്‍ രംഗത്തെത്തിയത്.