തിരുവനന്തപുരം: ത്രേസ്യാപുരം സ്വദേശിനിയായ 51കാരി ശാഖാകുമാരിയുടേത് കൊലപാതം. ഭര്‍ത്താവായ 26കാരന്‍ അരുണിനെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശിയാണ് അരുണ്‍. വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായിരുന്നു ശാഖാകുമാരി. ഇവരെ രണ്ട് മാസം മുന്‍പാണ് അരുണ്‍ വിവാഹം ചെയ്തത്.
ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ വിവാഹത്തില്‍ അരുണിന്റെ ബന്ധുക്കള്‍ ആരും തന്നെ പങ്കെടുത്തിരുന്നില്ലെന്നും വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും നാട്ടുകാരും വെളിപ്പെടുത്തി. അതേസമയം, ശാഖാകുമാരിയെ പലതവണ കൊലപ്പെടുത്താന്‍ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖാകുമാരിയുടെ വീട്ടിലെ ഹോം നഴ്‌സായ രേഷ്മയും വെളിപ്പെടുത്തി.
വിവാഹ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് അരുണിനെ പ്രകോപിപ്പിച്ചതെന്നാണ് രേഷ്മയുടെ വെളിപ്പെടുത്തല്‍. അതേസമയം, കൂട്ടുകാരില്‍ നിന്നടക്കം അരുണിനു അപമാനമേല്‍ക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്നും വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ നിരവധി തവണ ഇവര്‍ വഴക്കിട്ടതായും രേഷ്മ കൂട്ടിച്ചേര്‍ത്തു.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അരുണ്‍ തയാറാകാതിരുന്നത് ശാഖകുമാരിയെ അലോസരപ്പെടുത്തിയിരുന്നു. ഈ ആവശ്യം നിരവധി തവണ ശാഖാകുമാരി ഉന്നയിച്ചുവെങ്കിലും അരുണ്‍ വഴങ്ങിയില്ലെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം പുറമെ, വിവാഹമോചനത്തിന് അരുണ്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശാഖാകുമാരി തയാറായിരുന്നില്ല. വൈദ്യുതമീറ്ററില്‍ നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ബോധപൂര്‍വം ശാഖയെ പലതവണ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ അരുണ്‍ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു.
വിവാഹമോചനത്തിനു വഴങ്ങാതെ വന്നപ്പോഴാണ് ശാഖാകുമാരിയെ കൊല്ലാന്‍ അരുണ്‍ തീരുമാനിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ക്രിസ്മസ് വിളക്കുകള്‍ തൂക്കാന്‍ കണക്ഷന്‍ എടുത്തിരുന്ന വയറില്‍നിന്ന് ഷോക്കേറ്റാണ് ശാഖാകുമാരിയുടെ മരണം. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതാണ് കേസിലെ കൊലപാതകം തെളിയാന്‍ ഇടയാക്കിയത്.
ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ അയല്‍വാസികളോട് പറഞ്ഞത്. എന്നാല്‍ മൂക്ക് ചതഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകള്‍ കണ്ടിരുന്നു. പരേതനായ അധ്യാപകന്റെ മകളാണ് ശാഖാകുമാരി. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്.
കൊല്ലത്തെ ഉത്രാവധക്കേസിനും സമാനമാണ് ശാഖാകുമാരിയുടെ കൊലപാതകത്തിലും പ്രതി അരുണിന്റെ വഴികള്‍ എന്നതാണ് ലഭിക്കുന്ന വിവരം. ഉത്രയെ പലതവണ പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ വീണ്ടും നടത്തിയ പരിശ്രമത്തിലാണ് ഉത്രയെ പാമ്പ് കടിയേല്‍പ്പിച്ച് ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയത്. അരുണും മുന്‍പ് പല തവണ ഷോക്കടിപ്പിച്ച് ശാഖാകുമാരിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഒടുവില്‍ അവസാനത്തെ ശ്രമത്തില്‍ ശാഖയെ ഷോക്കടിപ്പിച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post