തിരുവനന്തപുരം: ബ്രിട്ടണില്‍ നിന്ന് കേരളത്തില്‍ എത്തിയ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം വന്ന വൈറസാണോ എന്ന അറിയാന്‍ രോഗം സ്ഥിരീകരിച്ചവരുടെ സ്രവം പൂനെയിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും ജനിതകമാറ്റം വന്ന വൈറസിന് നിലവിലെ വാക്സിന് ഫലപ്രദമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. വൈറസിന് ജനിതക മാറ്റം വരുന്നെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തമാകാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കൊവിഡ് രോഗികളില്‍ വര്‍ധന ഉണ്ടായെന്നും എന്നാല്‍ ഉണ്ടാവുമെന്ന് കരുതിയത്ര വര്‍ധതയില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മരണനിരക്ക് കൂടിയിട്ടില്ലെന്നും ഇനിയും നിയന്ത്രിച്ച് നിര്‍ത്താനാകും എന്ന് തന്നെയാണ് കരുതുന്നതെന്നും അതിന് നല്ല ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post