കോട്ടയം: 28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയ കൊലകേസിന്റെ വിധി വന്നത് മുതല്‍ കേസിലെ മുഖ്യ സാക്ഷിയായ രാജു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു.
സമൂഹമാധ്യമങ്ങളിലെല്ലാം രാജുവിനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. അതിനിടെ രാജുവിന്റെ ചിത്രം യേശു ക്രിസ്തുവിന്റെ ചിത്രമാക്കി ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍.
”രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മിശിഹ ഭൂമിയിലേക്ക്.. ഞാന്‍ നീതിമാന്‍മാരെ തിരഞ്ഞല്ല വന്നത്.. പാപികളെ തിരഞ്ഞാണ് ഞാന്‍ വന്നത്.. ഈ ക്രിസ്മസാണ് കേരളത്തില്‍ യഥാര്‍ത്ഥ ക്രിസ്മസ്.. നീതിയുടെ പരിപാലകനായ നസ്രേത്ത്കാരന്‍ പുഞ്ചിരിക്കുന്ന ക്രിസ്മസ്” എന്ന കുറിപ്പോടുകൂടെയായിരുന്നു ജയ കുമാര്‍ എന്നയാള്‍ ഫേസ്ബുകില്‍ രാജുവിനെ ക്രിസ്തുവിന് സമാനമായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
രണ്ടായിരം വർഷങ്ങൾക്ക് ശേഷം മിശിഹ ഭൂമിയിലേക്ക്….
ഞാൻ നീതിമാൻമാരെ തിരഞ്ഞല്ല വന്നത്…
പാപികളെ തിരഞ്ഞാണ് ഞാൻ വന്നത്……Posted by Jaya Kumar on Wednesday, December 23, 2020
ക്രിസ്തുവിന്റെ മുഖത്തിന് പകരം രാജുവിന്റെ മുഖം വെച്ചത് മതവിദ്വേഷം പടര്‍ത്തുമെന്നാരോപിച്ചാണ് ജയ കുമാര്‍ എന്നയാള്‍ക്കെതിരെ ഫെഡറേഷന്‍ ചങ്ങനാശ്ശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കി. ക്രിസ്ത്യന്‍ ഫെഡറേഷന് വേണ്ടി സ്വരൂപ് എബ്രഹാം എന്ന വ്യക്തിയാണ് പരാതി നല്‍കിയത്.
ഒരു ക്രിമിനലിന്റെ ചിത്രം ഞങ്ങളുടെ ദൈവമായ ക്രിസ്തുവിന്റെ ചിത്രത്തിന് പകരം നല്‍കി. ഇത് എല്ലാ ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കും അപമാനകരമാണ് എന്ന് പരാതിയില്‍ പറയുന്നു. ഫേസ്ബുക് പോസ്റ്റിന്റെ ലിങ്കും പരാതിയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.
സംഭവത്തില്‍ ജയകുമാറിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും സ്വരൂപ് പരാതിയില്‍ ആവശ്യപ്പെടുന്നു.അഭയാ കേസില്‍ വഴിത്തിരിവായ സാക്ഷിമൊഴിയായിരുന്നു രാജുവിന്റെത്. പ്രധാന സാക്ഷികളെല്ലാം കൂറുമാറിയപ്പോഴും രാജു തന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.