കാസർകോട്: കാഞ്ഞങ്ങാട് കല്ലൂരാവി ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി മുസ്ലിംലീഗ് പ്രവർത്തകൻ ഇർഷാദ് അറസ്റ്റിൽ. ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. മുസ്‌ലിം ലീഗ്-ഡിവൈഎഫ്‌ഐ സംഘർഷങ്ങളുടെ തുടർച്ചയായിട്ടാണ് കൊലപാതകം ഉണ്ടായത്. മുഖ്യപ്രതിയായ ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഹൃദയധമനിയിൽ ആഴത്തിലേറ്റ മുറിവാണ് ഔഫിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത്. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെ കുത്തി എന്നാണ് പോലീസ് നിഗമനം.
ഔഫ് അബ്ദുൾ റഹ്മാന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് പോലീസ് വിശദീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതരയ്ക്ക് വഴിയിൽ തടഞ്ഞുനിർത്തി ഔഫിനെ ഇർഷാദ് കുത്തിവീഴ്ത്തി. കൂടെയുണ്ടായിരുന്ന കല്ലൂരാവി സ്വദേശിയും യൂത്ത് ലീഗ് പ്രവർത്തകനുമായ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസ്സൻ എന്നിവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
അതിനിടെ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തുടങ്ങും. സംഘർഷത്തിൽ പരുക്കേറ്റ ഇർഷാദിനെ പരിയാരത്തേക്ക് മാറ്റും.
Discussion about this post