കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാര്‍ത്ഥി കരട് പട്ടിക തയ്യാറാക്കി. ബിജെപി നിയമസഭ തെരഞ്ഞെടുപ്പ് പ്രാഥമിക പരിഗണന കരടുപട്ടികയില്‍ സംവിധായകനും സംഘപരിവാര്‍ അനുകൂലിയുമായ അലി അക്ബറിനെ ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് ബിജെപി പരിഗണിച്ചു.
നേരത്തെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അലി അക്ബര്‍ വടകര ലോക്സഭ മണ്ഡലത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിയിലും ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ കാസര്‍ഗോഡും പരിഗണിക്കുന്നു.
പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ കാട്ടാക്കട നിയോജക മണ്ഡത്തിലേക്കും പരിഗണിക്കുന്നുണ്ട്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്,മുന്‍ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കെ സുരേന്ദ്രനെ കോന്നിയിലാണ് ആദ്യം പരിഗണിക്കുന്നത്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ പി മോഹന്‍രാജുമായി 4360 വോട്ടിന്റെ വ്യത്യാസമാണുണ്ടായിരുന്നത്.
ശോഭാ സുരേന്ദ്രനെ കാട്ടാക്കടയിലേക്കാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പികെ കൃഷ്ണദാസ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ രണ്ടേമുക്കാല്‍ ലക്ഷം വോട്ട് നേടിയ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് കാട്ടാക്കട എന്നതാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഈ മണ്ഡലം പരിഗണിക്കപ്പെടാനുള്ള കാരണം.
നേമം മണ്ഡലത്തില്‍ ഒ രാജഗോപാലല്ലെങ്കില്‍ കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്. സുരേഷ് ഗോപിയുടെ പേരും നേമത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. കൊല്ലം മണ്ഡലത്തിലേക്കും സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നു.
Discussion about this post