കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഷിഗല്ല രോഗം പടര്‍ന്നത് വെള്ളത്തില്‍ നിന്ന് തന്നെയെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അതേസമയം വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടാംപറമ്പ് മുണ്ടിക്കല്‍ താഴത്ത് ഷിഗല്ല രോഗബാധയുണ്ടായത് വെള്ളത്തിലൂടെ ആണെന്നാണ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ആരോഗ്യ വകുപ്പിന് കൈമാറിയ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. വീണ്ടും ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാന്‍ സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങള്‍ ഉള്ളവര്‍ വളരെ വേഗം ചികിത്സ തേടണമെന്നുമാണ് അധികൃതരുടെ നിര്‍ദേശം. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിയും രോഗം പടര്‍ന്നത് വെള്ളത്തില്‍ നിന്ന് തന്നെയാണെന്ന നിഗമനത്തിലാണ്.
ഷിഗെല്ല ബാധിച്ച് പതിനൊന്നു വയസുകാരന്‍ മരിച്ചിരുന്നു. ഈ കുട്ടിയുടെ വീട്ടിലേയും സമീപത്തേയും അഞ്ച് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ രണ്ട് കിണറുകളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മുണ്ടിക്കല്‍ താഴത്ത് ഏഴ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 52 പേര്‍ക്ക് ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫറോക്കില്‍ കഴിഞ്ഞ ദിവസം ഒന്നര വയസുള്ള കുഞ്ഞിനും രോഗം സ്ഥീരികരിച്ചിരുന്നു. ഈ ഭാഗത്തും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. തിളപ്പിച്ചാറിയ മാത്രം വെള്ളം കുടിക്കുക, ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക, വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കരുത്, രോഗമുള്ളവരുമായി മറ്റുള്ളവര്‍ ഇടപെടുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.