ശബരിമല; തങ്കഅങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന ഇന്ന്

thanka anki | big news live

പമ്പ: സന്നിധാനത്ത് ഇന്ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ചൊവ്വാഴ്ചയാണ് അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ തങ്കഅങ്കി രഥ ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും.


മൂന്ന് മണിവരെ ഭക്തര്‍ക്ക് പമ്പയില്‍ തങ്കഅങ്കി ദര്‍ശനത്തിന് അവസരമുണ്ട്. മൂന്ന് മണിയോടെ തങ്കഅങ്കി പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് കൊണ്ട് വരും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്കഅങ്കി ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടു പോകും. ശേഷം 6.30നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന. രാത്രി 8.30 ന് അത്താഴപൂജയ്ക്ക് ശേഷം 8.50 ന് ഹരിവരാസനം പാടി ഒമ്പത് മണിക്ക് നട അടയ്ക്കും.

നാളെ രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. തുടര്‍ന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലപൂജാ ഉത്സവത്തിനും സമാപനമാകും. മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് ഇനി നടതുറക്കുക.


പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക. അതേസമയം തങ്ക അങ്കി ഘോഷയാത്ര കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്ക് ഇന്ന് ഉച്ചക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ഒരുമണിക്ക് ശേഷം തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.

Exit mobile version