കാഞ്ഞങ്ങാട്: ലീഗ് പ്രവര്‍ത്തകരുടെ കത്തിമുനയില്‍ തീര്‍ന്നത് ഔഫ് അബ്ദുഹ്മാന്‍ മാത്രമല്ല, നിറവയറുമായി കാത്തിരിക്കുന്ന ഷാഹിനയുടെ സ്വപ്‌നങ്ങള്‍ കൂടിയാണ്. ഗര്‍ഭിണിയായ അവളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകാന്‍, കടംവാങ്ങിയ പണവുമായി ഓടിവരുമ്പോഴാണ് ഇടനെഞ്ച് തകര്‍ത്ത് അക്രമികള്‍ കഠാര കുത്തിക്കയറ്റിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് ഇടയാക്കിയത്.
പഴയകടപ്പുറത്തെ കുഞ്ഞബ്ദുള്ള മുസ്ലിയാരുടെയും നിത്യരോഗിയായ ആയിഷയുടെയും മകനാണ് ഔഫ്. ഉപ്പ ഉപേക്ഷിച്ചതോടെ നാടന്‍പണിയെടുത്ത് കുടുംബംപോറ്റിയ ചെറുപ്പക്കാരന്‍ വീടിന്റെ കൂടി അത്താണിയായിരുന്നു. ഈ പ്രതീക്ഷയും മറ്റുമാണ് ലീഗ് ഭീകരതയില്‍ തകര്‍ന്നടിഞ്ഞത്.
കുറച്ചുകാലം ഗള്‍ഫിലും ജോലിനോക്കി, പള്ളി കമ്മിറ്റിയുടെ സഹായത്താല്‍ നിര്‍മിച്ച ചെറിയ വീട്ടിലായിരുന്നു താമസം. ഷാഹിനയെ ജീവിതസഖിയാക്കിയിട്ട് ഏറെകാലമായില്ല. ഷാഹിന ഗര്‍ഭിണിയായിരിക്കെയുള്ള ഔഫിന്റെ വിയോഗം നാടിനും കണ്ണീരായി മാറി. നിറകണ്ണുകളോടെ ഔഫിന് നാട് വിടചൊല്ലി.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ചേര്‍ന്ന് ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കൊണ്ടുവന്നു. പഴയകടപ്പുറം ജുമാ മസ്ജിദില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം കബറടക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനുണ്ടായ തിരിച്ചടിയെതുടര്‍ന്ന് പ്രദേശത്ത് നിരവധി അക്രമങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ഔഫിന്റെ കൊലപാതകവും. രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് പോലീസും പ്രതികരിച്ചിരുന്നു.
Discussion about this post