തിരുവനന്തപുരം: കേരളത്തെ തന്നെ നടുക്കിയ പ്രമാദമായ വെമ്പായം കൊലക്കേസിലെ പ്രതിയും പാലക്കാട് ഗർഭിണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ജയിൽ ചാടിയത് വലിയ വീഴ്ച. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽ ചാടിയത്. ഇരുവർക്കുമായി പോലീസ് സഹായത്തോടെ ജയിൽ വകുപ്പ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. വെമ്പായത്ത് പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ച കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രക്ഷപ്പെട്ട പ്രതികളിൽ ഒരാളായ രാജേഷ് കുമാർ. മറ്റെയാളാകട്ടെ പാലക്കാട് ഗർഭിണിയെ കൊലപ്പെടുത്തിയ ശ്രീനിവാസനുമാണ്.
പ്രതികൾ ഇരുവരും ഇന്നലെ വൈകിട്ടോടെയാണ് ജയിൽ ചാടിയത്. ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി വിധിച്ച കൊടുംകുറ്റവാളിയാണ് രാജേഷ്. ഇയാളെ ഏറെ സ്വാതന്ത്യം നൽകുന്ന തുറന്ന ജയിലിലേക്ക് മാറ്റിയത് ജയിൽ അധികൃതരുടെ വീഴ്ചയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നലെ ഉച്ചയോടെ കൃഷിപണിക്കായി സെല്ലിൽ നിന്ന് ഇറക്കിയ പ്രതികൾ പിന്നീട് ഏഴുമണിക്കും തിരിച്ചുകയറാതെ വന്നതോടെയാണ് ജയിൽ ചാടിയതായി വ്യക്തമായത്.
2002ലാണ് ഓട്ടോഡ്രൈവറായ കാട്ടാക്കട സ്വദേശി രാജേഷ് വീട്ടിൽ അതിക്രമിച്ച് കയറി തനിച്ചിരുന്ന് പത്താം ക്ലാസ് പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വിചാരണക്കോടതി വധശിക്ഷയായിരുന്നു വിധിച്ചത്. പിന്നീട് ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. ഒരു തുമ്പുപോലും അവശേഷിക്കാതിരുന്ന പ്രതിയെ പിന്നീട് അന്വേഷണ സംഘത്തിന്റെ മിടുക്കുകൊണ്ടും സാഹചര്യത്തെളിവിന്റെ സഹായത്താലുമാണ് പിടികൂടിയത്. രാജേഷ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ട് ഏഴ് വർഷം മാത്രമേ അയൂള്ളു. വധശിക്ഷ ജീവപര്യന്തമായി കുറച്ച ഹൈക്കോടതി 25 വർഷത്തേക്ക് രാജേഷിന് ഇളവുകളൊന്നും നൽകരുതെന്ന് ഉത്തരവിട്ടിരുന്നു.
2004ൽ മലമ്പുഴയിൽ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് കനകപ്പൻ എന്ന ശ്രീനിവാസൻ ശിക്ഷിക്കപ്പെട്ടത്. നേരത്തെ പരോളിലിറങ്ങിയ ശേഷം ഏഴ് വർഷത്തോളം മുങ്ങിനടന്ന ശേഷം ഇയാൾ പിന്നീട് ജയിലിലെത്തി കീഴടങ്ങുകയായിരുന്നു. പരോളിലിറങ്ങി മുങ്ങിയ സമയത്ത് ശ്രീനിവാസന് കോയമ്പത്തൂരിലെ തുണിമില്ലുകളിലായിരുന്നു ജോലി ചെയ്തത്. അതിനാൽ അവിടം ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
രാജേഷിനെ സെൻട്രൽ ജയിലിൽ നിന്ന് തുറന്ന ജയിലിലേക്ക് മാറ്റിയത് ഉദ്യോഗസ്ഥ വീഴ്ചയെന്ന ആക്ഷേപം ഉയരുന്നതിനിടെ, കോവിഡിനെ തുടർന്നുള്ള ക്രമീകരണത്തിന്റെ ഭാഗമായുള്ള താൽകാലിക മാറ്റമെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം.
Discussion about this post