കൊല്ലം: ഒടുവില്‍ കുട്ടിക്കുറുമ്പി അവന്തികയ്ക്ക് മുന്പില് അവളുടെ ഇഷ്ടതാരം പിണറായി അപ്പൂപ്പന് എത്തി. കൊല്ലത്തെ മിടുക്കി അവന്തികയാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. തന്റെ ആരാധനാപാത്രം എത്തിയതിന്റെ നാലിരട്ടി സന്തോഷം ആ കുഞ്ഞിന്റെ മുഖത്ത് പ്രകടമായിരുന്നു. ചുവന്നമാല അണിയിച്ചും കൈയില്‍ കരുതിയ പൂക്കള്‍ നല്‍കിയും പിണറായി അപ്പൂപ്പനെ അവന്തിക വരവേറ്റു.
ദിവസവും വൈകിട്ട് ടിവിയില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അവന്തിക മുടങ്ങാതെ കാണും. ആ കാഴ്ചയാണ് ഇന്ന് അവന്തികയുടെ പിണറായി അപ്പൂപ്പനോടുള്ള ഇഷ്ടം കൂടാന്‍ ഇടയാക്കിയത്. ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹം അറിഞ്ഞതോടെ മുഖ്യമന്ത്രി കൊല്ലത്തുവരുമ്പോള്‍ കാണിക്കാമെന്ന് അമ്മ ഡോ. സുബി അവള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു.
കൊല്ലം ഡീസന്റ്മുക്ക് വെറ്റിലത്താഴം സഞ്ചാവിളയില് (അപ്പൂസ്) ആദര്‍ശിന്റെയും ഡോ. സുബിയുടെയും മകളാണ് അവന്തിക. മുഖ്യമന്ത്രി എത്തിയതും, വാതിലില്‍ കുഞ്ഞുമുഖം കണ്ടു. ഉടനെ ചിരിയോടെ മുഖ്യമന്ത്രി മുറിക്കുള്ളിലേക്ക് ക്ഷണിച്ചു. അകത്തുകയറിയ ഉടനെ മുഖ്യമന്ത്രിക്കൊപ്പം കസേരയില്‍ ഇരിപ്പായി.
അവന്തികയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി വിശേഷങ്ങള്‍ അന്വേഷിച്ചു. ഓരോ ചോദ്യങ്ങള്‍ക്കും മുറിഞ്ഞും മുഴുപ്പിച്ചും മറുപടി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് പലപ്പോഴും ചിരി വിടര്‍ന്നു. തുടര്‍ന്ന് ചുവന്നമാല മുഖ്യമന്ത്രി അവന്തികയുടെ കഴുത്തിലണിയിക്കുകയായിരുന്നു. അമ്മ സുബി, അമ്മൂമ്മ സൂര്യ എന്നിവരോടും മുഖ്യമന്ത്രി പിണറായി വിജയന് കുശലാന്വേഷണം നടത്തി.
റസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ അവന്തിക തെല്ലുഗമയോടെ പറഞ്ഞു: ‘ഞാന്‍ പിണറായി അപ്പൂപ്പനെ കണ്ടല്ലോ..!’ ടിവിയില്‍ മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഒരു ദിവസം ഇല്ലാതിരുന്നാല്‍ അവന്തിക വീട്ടില്‍ ബഹളംകൂട്ടുമെന്നും വൈകിട്ട് ആറിന് മറ്റൊരു പരിപാടിയും കാണാന്‍ ആരെയും അനുവദിക്കാറില്ലെന്നും ദന്ത ഡോക്ടറായ അമ്മ സുബി ചെറുപുഞ്ചിരിയോടെ പറഞ്ഞു.
പത്രത്തില്‍ മുഖ്യമന്ത്രിയുടെ പടം കണ്ടാല്‍ ഉടന്‍ ഉറക്കെ പറയും ‘പിണറായി അപ്പൂപ്പന്’. മകളുടെ ഈ സ്നേഹം കണ്ട് ഒരു ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടുവിളിച്ചു. അങ്ങനെയാണ് ചൊവ്വാഴ്ച കൊല്ലത്ത് അദ്ദേഹം എത്തുന്നുണ്ടെന്ന വിവരം കണ്ടത്. സ്ഥലത്തെ ഡിവൈഎഫ്ഐ പ്രവര്ത്തകന് അരുണ്‍കുമാറിന്റെ സഹായത്തോടെ സുബിയും കുടുംബവും പൊളയത്തോട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി മകളുടെ ആഗ്രഹം പറഞ്ഞു. അതോടെയാണ് മുഖ്യമന്ത്രിയെ നേരില്‍കാണാനുള്ള അവസരവും ലഭിച്ചത്. നിറഞ്ഞ മനസോടെയാണ് അവന്തിക അവിടം വിട്ടത്.
Discussion about this post