തൃശൂര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സിഎന്‍ ബാലകൃഷ്ണന്റെ മൃതദേഹം നാളെ സംസ്കരിക്കും. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പില്‍ രാവിലെ 10 മണിക്കാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി പതിനൊന്നേകാലോടെയായിരുന്നു അന്ത്യം.
ചാലക്കുടി, ആമ്പല്ലൂര്‍, ഒല്ലൂര്‍, തൃശൂര്‍ ടൗണ്‍ ഹാള്‍, ഡിസിസി ഓഫീസ് എന്നിവടങ്ങളില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പേര് എത്തി.
പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1934 നവംബര്‍ 18നാണ് സിഎന്‍ ജനിച്ചത്. പുഴയ്ക്കല്‍ ഗ്രാമീണ വായനശാലയുടെ ലൈബ്രേറിയനായി പൊതുരംഗത്തെത്തി. ഗ്രന്ഥശാല പ്രസ്ഥാനത്തിന് എഴുപതുകളില്‍ ജീവന് നല്കിയ സംഘത്തിന് നേതൃത്വം കൊടുത്തവരിലും സിഎന്‍ ഉണ്ടായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ സിഎന്‍ ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്റെയും, സംസ്ഥാന ഖാദി ഫെഡറേഷന്റെയും നേതൃസ്ഥാനം വഹിച്ചു.
മില്‍മ വരും മുമ്പേ തൃശൂരില്‍ ക്ഷീരസഹകരണ സംഘം രൂപീകരിച്ച് പാക്കറ്റില്‍ പാല് വിതരണം നടത്താന്‍ കാല് നൂറ്റാണ്ട് മുമ്പ് ബാലകൃഷ്ണന് സാധിച്ചു. കെ കരുണാകന്റെ വിശ്വസ്ഥനും, അടുത്ത അനുയായിയും ആയിരുന്നു. എന്നാല്‍ കരുണാകരന് കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ സിഎന്‍ ബാലകൃഷ്ണന് തയ്യാറായില്ല.
ദീര്‍ഘകാലം തൃശൂര്‍ ഡിസിസി പ്രസിഡന്റും കെപിസിസി ട്രഷററുമായിരുന്നു. 2011-ലെ തെരഞ്ഞെടുപ്പിലാണ് സിഎന്‍ ബാലകൃഷ്ണന് ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്.
ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ സഹകരണ ഖാദി വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം സിപിഎമ്മിലെ എന്‍ ആര് ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എല്‍പി സ്കൂള്‍ അധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ഗീത, മിനി എന്നിവര്‍ മക്കളാണ്.
Discussion about this post