28 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞദിവസമാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി വന്നത്. കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കോടതി ശിക്ഷിച്ചു. എന്നാല്‍ കൊലക്കേസിലെ പ്രതികളായ ഇരുവരെയും ചേര്‍ത്തുപിടിക്കുകയാണ് കോട്ടയം അതിരൂപത.
കൊലക്കേസില്‍ പ്രതികളാണെങ്കിലും അവിഹിതം നടത്തിയെന്ന് തെളിഞ്ഞവരാണെങ്കിലും ഫാദറും സിസ്റ്ററും ഇപ്പോഴും സഭയ്ക്ക് വേണ്ടപ്പെട്ടവര്‍ തന്നെയെന്ന് വ്യക്തമാകുന്ന പ്രതികരണമാണ് പുറത്തുവരുന്നത്. ഇവരുടെപേരിലുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം.
പ്രതികള്‍ക്ക് കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കുന്നു. ഇതോടെ, ഫാ.കോട്ടൂരിന്റെ പൗരോഹിത്യം, സിസ്റ്റര്‍ സെഫിയുടെ സന്ന്യാസ സഭാംഗത്വം നീക്കല്‍ നടപടികളിലേക്ക് സഭ ഉടന്‍ പോകുന്നില്ലെന്ന് സാരം.
കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴും ഇരുവരും ‘വിശുദ്ധ’രായി തന്നെ തുടരുമെന്ന് കരുതാം. ഉയര്‍ന്ന കോടതികള്‍ പ്രതികളെ വെറുതേവിടുമെന്ന പ്രതീക്ഷയിലാണ് സഭ. വൈദികര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ രൂപതകള്‍ സസ്പെന്‍ഡുചെയ്യാറുണ്ട്.
ഇതോടെ കുര്‍ബാന ചൊല്ലാനുള്ള അവകാശം നഷ്ടമാകും. ഏത് അധികാരിക്കുകീഴിലാണോ, അവരാണ് കന്യാസ്ത്രീകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഇവിടെയും അന്തിമവിധി നിശ്ചയിക്കുന്നത് വത്തിക്കാന്‍ തന്നെ. കേസിലെ വിധി കേട്ടപ്പോല്‍ സിസ്റ്റര്‍ സെഫി പൊട്ടിക്കരഞ്ഞു. എന്നാല്‍, ഫാദര്‍ നിര്‍വികാരനായി നിലയുറപ്പിക്കുകയായിരുന്നു.
വിധി കേള്‍ക്കാനായി രാവിലെ 10 മണിയോടെ സിസ്റ്റര്‍ സെഫിയേയും ഫാദര്‍ കോട്ടൂരിനേയും ഉദ്യോഗസ്ഥര്‍ കോടതിയിലെത്തിച്ചു. 11 മണിക്ക് തുടങ്ങിയ വാദം കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവസാനിച്ചു. 12.05 ന് ശിക്ഷാവിധി പ്രഖ്യാപിച്ചു.
ഇതിനിടയില്‍ തളര്‍ന്നുപോയ കോട്ടൂരിന് വെള്ളം നല്കാന് ബന്ധു തയ്യാറായെങ്കിലും ഫാദര്‍ അത് നിരസിച്ചു. എന്നാല്‍, ഉച്ചഭക്ഷണത്തിന് സമയമായപ്പോള്‍ ഇരുവര്‍ക്കും ഭക്ഷണം നല്കി. നോണ്‍വെജ് കറികള്‍ കൂട്ടി ഫാദര്‍ തോമസ് കോട്ടൂര്‍ വയറുനിറയെ ഊണ് കഴിച്ചു.
തുടര്‍ന്ന് മൂന്ന് മണിയോടെ ഇരുവരേയും ജയിലിലേക്ക് കൊണ്ടുപോയി. തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334- ആം നമ്പര്‍ തടവുകാരനാണ്. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15-ാം നമ്പര്‍ തടവുകാരിയാണു സിസ്റ്റര്‍ സെഫി. ഫാ. കോട്ടൂര്‍ ക്വാറന്റീന് ബ്ലോക്കില്‍ ഒറ്റയ്ക്കാണ്.
Discussion about this post