ബിജെപി സ്ഥാനാര്‍ഥി കരടുപട്ടിക റെഡി!, ശോഭയെ ഒതുക്കി, പാലക്കാട് ശശികല മത്സരിക്കും, അബ്ദുള്ളക്കുട്ടി കാസര്‍കോട്ടും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി കരടുപട്ടിക തയ്യാറായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ പാലക്കാട് നിന്ന് കാട്ടാക്കടയിലേക്ക് മാറ്റുമെന്ന് സൂചന. ശോഭക്ക് പകരം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ പാലക്കാട് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് നിലവിലെ തീരുമാനം.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് പരസ്യമായി പോരിനിറങ്ങിയതിന് പിന്നാലെ ശോഭയെ ഒതുക്കുന്നതിനാണ് കാട്ടാക്കടയിലേക്ക് മാറ്റുന്നതെന്നാണ് ശോഭ സുരേന്ദ്രന്‍ അനുകൂലികള്‍ വിലയിരുത്തുന്നത്. 2016 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വിജയിച്ചതോടെ ബി.ജെ.പി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് പാലക്കാട്. കരടുപട്ടിക പ്രകാരം ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയെ കാസര്‍കോട്ടും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കോന്നിയിലും മത്സരിപ്പിക്കും.

വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരായ ടി.പി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരും മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായരും പട്ടികയിലുണ്ട്. ഒ. രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കും.

കുമ്മനത്തെ ചെങ്ങന്നൂരിലും പരിഗണിക്കുന്നുണ്ട്. മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള തിരിച്ചുവന്നാല്‍ ചെങ്ങന്നൂരിലാകും മത്സരിക്കുക. സുരേഷ് ഗോപിയെ കൊല്ലം മണ്ഡലത്തിലാണ് പരിഗണിക്കുന്നത്. ടി.പി സെന്‍കുമാറിനെ കഴക്കൂട്ടത്തും ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയിലും ജി.മാധവന്‍ നായരെ നെയ്യാറ്റിന്‍കരയിലുമാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ കുന്ദമംഗലത്തും പരിഗണിക്കുന്നുണ്ട്.

Exit mobile version