കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം നൂറ് കോടിയോളം രൂപ എത്തിയെന്ന റിപ്പോർട്ടുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന് ഇഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു.
ആരൊക്കെയാണ് ഈ പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. 2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്കെത്തിയ പണത്തിൽ നിന്ന് സിഎഎ വിരുദ്ധ സമരത്തിന് പണം ചെലവഴിച്ചുവെന്ന് സംശയിക്കുന്നുണ്ടെന്നും ഇഡി പറയുന്നു. ഹഥ്‌റാസ് സംഭവം റിപ്പോർട്ട് ചെയ്യാനായി യുപിയിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അവിടേയ്ക്ക് അയച്ചത് റൗഫ് ശരീഫാണെന്നും ഇഡി പറയുന്നു.
അതേസമയം, ഹഥ്‌റാസിൽ കലാപത്തിനുള്ള ശ്രമം നടന്നെന്നും സംഭവത്തിലെ വിശദാംശങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി. തനിക്ക് ഒമാനിൽ കയറ്റുമതി സ്ഥാപനമുണ്ടെന്നും അതിൽ നിന്നാണ് പണം വന്നിരിക്കുന്നതെന്നും റൗഫ് കോടതിയെ അറിയിച്ചിട്ടുണ്ട്. തന്നെ അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും റൗഫ് ആരോപിച്ചു.
വിഷയത്തിൽ ഇഡിക്ക് കോടതി താക്കീത് നൽകി. പ്രതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുതെന്നും ഇത്തരത്തിലുള്ള പരാതി ഇനി ഉയരരുതെന്നും കോടതി ഇഡിക്ക് നിർദേശം നൽകി.
Discussion about this post