ഷിഗല്ല രോഗം; വ്യാപനത്തിന്റെ ഘട്ടമെത്തിയിട്ടില്ല, സൂപ്പര്‍ ക്ലോറിനേഷന്‍ കൊണ്ട് നിയന്ത്രിക്കാനാവുമെന്ന് ഡിഎംഒ

shigella | big news live

കോഴിക്കോട്: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത ഷിഗല്ല രോഗം വ്യാപനത്തിന്റെ ഘട്ടമെത്തിയിട്ടില്ലെന്ന് ഡിഎംഒ ഡോ. വി ജയശ്രീ. സൂപ്പര്‍ ക്ലോറിനേഷന്‍ കൊണ്ട് നിയന്ത്രിക്കാവുന്നതാണ് രോഗമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

ഫറോക്ക് കല്ലമ്പാറ കഷായപ്പടിയില്‍ കഴിഞ്ഞ ദിവസം കാണപ്പെട്ട ഷിഗല്ല രോഗാണുവിന് നേരത്തെ കാണപ്പെട്ട കോട്ടംപറമ്പിലേതുമായി ബന്ധമില്ലെ. രോഗവ്യാപനം എന്ന ആശങ്ക വേണ്ട. അഞ്ച് സാമ്പിള്‍ പരിശോധിച്ചിട്ടുണ്ട്. അതില്‍ രണ്ടെത്തിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഷിഗെല്ലോസിസ് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും കാണുന്നത്. പെട്ടെന്ന് വഷളാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ജില്ലയില്‍ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആറ് പേരില്‍ രോഗ ലക്ഷണമുണ്ടെന്നും ഡിഎംഒ പറഞ്ഞു.


ഫറോക്ക് നഗരസഭയിലെ ഇരുപത്തിരണ്ടാം ഡിവിഷന്‍ കല്ലമ്പാറയിലെ കഷായപ്പടി മേഖലയില്‍ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ മൂന്നു ദിവസം മുമ്പ് ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചവരുടെ വീടുള്‍പ്പെടെ നൂറ്റിപ്പത്ത് വീടുകളിലെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.


വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. തിളപ്പിച്ചാറിയ മാത്രം വെള്ളം കുടിക്കുക, ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക, വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കരുത്, രോഗമുള്ളവരുമായി മറ്റുള്ളവര്‍ ഇടപെടുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Exit mobile version