തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജയിലിലേയ്ക്ക് മാറ്റി. ആദ്യരാവ് തള്ളി നീക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ലെന്നാണ് വിവരം. ഫാ. തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334 ാം നമ്പര്‍ തടവുകാരനാണ്. സെഫിയാകട്ടെ, അട്ടക്കുളങ്ങര വനിതാ ജയിലിലെ 15ാം നമ്പര്‍ തടവുകാരിയാണ്.
കഴിഞ്ഞ ദിവസം ഇരുവരുടെയും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവാണെന്നു തെളിഞ്ഞെങ്കിലും മറ്റു ജില്ലയില്‍ നിന്നു വന്നതിനാല്‍ ഇരുവര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന് നിര്‍ദേശിച്ചിട്ടുണ്ട്. ഫാ. കോട്ടൂര്‍ ക്വാറന്റീന് ബ്ലോക്കില്‍ ഒറ്റയ്ക്കാണ്. എന്നാല്‍, സിസ്റ്റര്‍ സെഫിക്കൊപ്പം 5 പ്രതികളുണ്ട്.
ജയിലിലെ ആദ്യദിനത്തില്‍ തന്നെ, ഭക്ഷണം കഴിക്കാന്‍ സിസ്റ്റര്‍ സെഫി വിമുഖത കാട്ടി. ചൊവ്വാഴ്ച രാത്രി മുഴുവന്‍ പ്രാര്ത്ഥനയിലായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2 പേരെയും ചൊവ്വാഴ്ച ഇതേ ജയിലുകളിലാണു പാര്‍പ്പിച്ചത്. ക്വാറന്റൈന് കാലയളവ് അവസാനിച്ചാല്‍ ഫാ. കോട്ടൂരിനെ സെല്‍ ബ്ലോക്കിലേക്കു മാറ്റും.
28 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചത്. നീതിക്കായി പോരാടിയ കുടുംബത്തിലെ ഒരു തരി പോലും ഇന്ന് ബാക്കിയില്ല. നീതി തങ്ങള്‍ക്കൊപ്പമാണെന്ന് മറ്റൊരു ലോകത്തിരുന്ന് അവര്‍ കാണുന്നുണ്ടാമായിരിക്കാമെന്ന് സോഷ്യല്‍മീഡിയ പറയുന്നു. കേസിലെ വിധി സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു.
Discussion about this post