കാസര്‍കോട്: മുപ്പത്തിരണ്ടുകാരനായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കാഞ്ഞങ്ങാടാണ് കൊലപാതകം നടന്നത്. കല്ലൂരാവി പഴയകടപ്പുറത്തെ ഔഫ് അബ്ദുള്‍ റഹ്മാനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് സൂചന.
ഔഫും ഷുഹൈബും ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡില്‍ ഒരുസംഘം അക്രമികള്‍ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ മറ്റൊരു ബൈക്കില്‍ പിന്നാലെയുണ്ടായിരുന്നു.
ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടന്‍ അക്രമികള്‍ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഷുഹൈബ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ലീഗ് ആണെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ മുസ്ലിം ലീഗിന് പങ്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്നാണ് വിവരം. കുഞ്ഞബ്ദുള്ള മുസ്ല്യാരുടെയും ആയിഷയുടെയും മകനാണ് ഔഫ് അബ്ദുള്‍ റഹ്മാന്. ഭാര്യ: ഷാഹിന. സഹോദരി: ജുവൈരിയ.
Discussion about this post