തിരുവനന്തപുരം: കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾക്കും പ്രതിസന്ധികൾക്കും ശേഷം സംസ്ഥാനത്തെ കോളജുകൾ അടുത്ത മാസം ആദ്യവാരം തന്നെ തുറക്കും. പുതുവത്സരത്തിന് പിന്നാലെ ജനുവരി നാലിനാണ് കോളേജുകൾ തുറന്ന് പ്രവർത്തിക്കുക.
ആദ്യഘട്ടത്തിൽ തന്നെ പിജി ക്ലാസുകൾ, അഞ്ച്-ആറ് സെമസ്റ്റർ ക്ലാസുകളും തുടങ്ങും. ഒരു ക്ലാസിൽ 50 ശതമാനം വിദ്യാർത്ഥികൾ വീതമേ ഉണ്ടാകാൻ പാടുള്ളൂവെന്നാണ് മുന്നോട്ട് വെച്ചിരിക്കുന്ന നിർദേശം. പതിവിൽ നിന്നും വ്യത്യസ്തമായി വ്യാഴാഴ്ചയും പ്രവർത്തി ദിനമായിരിക്കും.
കോളജ് തുറക്കൽ ജനുവരിയിലാണെങ്കിലും അധ്യാപകർ ഇതിന് മുന്നോടിയായി ഈ മാസം 28 മുതൽ കോളജിലെത്തണമെന്നും നിർദേശമുണ്ട്. കാർഷിക സർവകലാശാലയിലെയും ഫിഷറീസ് സർവകലാശാലയിലെയും ക്ലാസുകളും വിദ്യാർത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കൽ കോളജുകളിൽ രണ്ടാം വർഷം മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.
ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായിരിക്കുന്നത്.
Discussion about this post