മലപ്പുറം: അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച മുസ്ലിം ലീഗിന്റെ മലപ്പുറത്ത് നിന്നുള്ള എംപി പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാർത്തയെ ട്രോളി മന്ത്രി കെടി ജലീൽ. എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ പോകുന്നെന്ന വാർത്ത പുറത്തെത്തിയതിന് പിന്നാലെയാണ് മന്ത്രി പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. 2021ൽ ലീഗിന് ഭരണം ലഭിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്ക് പോകുമോയെന്നാണ് മന്ത്രി ജലീൽ ചോദിക്കുന്നത്.
യുഡിഎഫിന്റെ ഹെഡ്മാഷായി പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടെയെന്നും അദ്ദേഹം ചോദിക്കുന്നു. നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണമെന്നും കണ്ടാലറിയാത്തവർ കൊണ്ടാലറിയുമെന്നും ജലീൽ വിമർശിച്ചു.
അതേസമയം, കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനേയും യുഡിഎഫിനേയും നയിക്കുമെന്ന വാർത്തയറിഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎ ആയി ജയിച്ചു വന്നാൽ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് പിഎ മുഹമ്മദ് റിയാസും ട്രോളിന്റെ ഒളിയമ്പെറിഞ്ഞിരിക്കുകയാണ്.
മുഖ്യശത്രു ബിജെപി അല്ല, സിപിഎം ആണെന്ന പഴയ നിലപാട് യുഡിഫ് അണികൾതന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു
മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര
സഭയിലേക്കാകുമോ പോവുക? UDF ന്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്? പടച്ചവനെ പേടിയില്ലെങ്കിൽ
പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാം
പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
സംഘടനയാണോ പാർലമെന്ററി രംഗമാണോ ഒരാൾ നയിക്കേണ്ടതെന്നതും, നിയമസഭയിലാണോ ലോകസഭയിലാണോ ഒരാൾ മത്സരിക്കേണ്ടത് എന്നതും നിശ്ചയിക്കുവാനുള്ള ജനാധിപത്യ അവകാശം ഏതൊരു രാഷ്ട്രീയപാർട്ടിക്കുമുണ്ട്.
അതിനെ വിമർശിക്കുകയല്ല.
കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭ തെരെഞ്ഞെടുപ്പിൽ ലീഗിനേയും UDFനേയും നയിക്കുമെന്ന വാർത്തയറിഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം MLA ആയി ജയിച്ചു വന്നാൽ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ല.
മോഡി സർക്കാറിനോടുള്ള പാർലിമെന്റിലെ പോരാട്ടത്തേക്കാൾ പ്രധാനം കേരളത്തിലെ LDF സർക്കാരിനോടുള്ള നിയമസഭയിലെ പോരാട്ടമാണെന്നാണല്ലോ ലീഗിന്റെ ഇന്നത്തെ പ്രഖ്യാപനം പറയുന്നത്.
മുഖ്യശത്രു BJP അല്ല, CPIM ആണെന്ന പഴയ നിലപാട് യുഡിഫ് അണികൾതന്നെ തദ്ദേശ തെരെഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
Discussion about this post