തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎല്‍എയുമായ എംകെ മുനീറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ കൊവിഡ് ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ച വിവരം എംകെ മുനീര്‍ അറിയിച്ചത്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴകിയിട്ടുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നേരത്തെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് വിഎം സുധീരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 6049 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2870 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,50,836 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,79,711 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.