തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഭൂരിപക്ഷമുളള ഗവര്‍ണ്‍മെന്റ് നിയമസഭ വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെട്ടാല്‍ ഒരു സാഹചര്യത്തിലും നോ പറയാന്‍ സാധിക്കില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
‘ഭൂരിപക്ഷമുളള ഗവര്‍ണ്‍മെന്റ് നിയമസഭ വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെട്ടാല്‍ ഒരു സാഹചര്യത്തിലും നോ പറയാന്‍ സാധിക്കില്ല. അതുപറഞ്ഞത് ഭരണഘടനാ വിരുദ്ധമാണ് സര്‍ക്കാരിനോടുളള തെറ്റായ സമീപനമാണ്. അതിനെ അതിശക്തമായി എതിര്‍ക്കണമായിരുന്നു. അത് എതിര്‍ക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് പോലെയാണ് മൃദുസമീപനം കാണുമ്പോള്‍ തോന്നുന്നത്. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയനായി നിന്ന് പ്രവര്‍ത്തിക്കേണ്ടതാണ്’ എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാനും കാര്‍ഷിക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണര്‍ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്നത്.