തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചര്‍ വിടവാങ്ങി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
എണ്‍പത്തിയാറ് വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്രസഹായത്തോടെ നല്കുന്ന ഓക്സിജന്‍ പോലും സ്വീകരിക്കാന്‍ ശ്വാസകോശത്തിനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ.
തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധര്‍മാര്‍ഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വര്‍ഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു.
കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ സജീവപ്രവര്‍ത്തനം നടത്തി. സാമൂഹിക സാംസ്കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്നേഹവും സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു.
കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
1960-ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മുത്തുച്ചിപ്പി’ എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടര്‍ന്ന് പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന്കാവല്‍ തുടങ്ങി ധാരാളം കൃതികള്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ചു.
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന് പുരസ്കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്കാരം, ബാലസാഹിത്യത്തിനു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങി അനേകം പുരസ്കാരങ്ങള്‍ നല്കി സാഹിത്യസാംസ്കാരികലോകം ആദരിച്ചിട്ടുണ്ട്.
Discussion about this post