മലപ്പുറം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ രണ്ടര മാസത്തിന് ശേഷം പോലീസ് കേസെടുത്തു. പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ആരോപിച്ച് മാതാപിതാക്കള്‍ എസ്പി ഓഫീസിലേക്ക് എത്തിയതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലീസ് മേധാവി പിതാവ് ശരീഫിന് എഫ്ഐആറിന്റെ പകര്‍പ്പ് നേരിട്ട് കൈമാറി.
ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിന് മുന്നില്‍ നീതി ലഭിക്കും വരെ പ്രതിഷേധിക്കുമെന്ന് അറിയിച്ചു കൊണ്ടാണ് ശരീഫ്, സഹല ദമ്പതികള്‍ എത്തിയത്. ഇരട്ട കുട്ടികള്‍ മരിച്ച സംഭവത്തില്‍ പരാതി നല്‍കി 75 ദിവസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഇരുവരും ജില്ലാ പോലീസ് മേധാവിയെ കാണാന്‍ നേരിട്ട് ഓഫീസില്‍ എത്തിയത്.
ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം ദമ്പതികളോട് നേരീട്ട് സംസാരിക്കുകയും. കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആറിന്റെ പകര്‍പ്പ് കൈമാറുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും മലപ്പുറം ഡിവൈഎസ്പി അന്വേഷണം നടത്തുമെന്നുമാണ് എസ്പി വ്യക്തമാക്കിയത്.
അതേസമയം പോലീസിന്റെ നിര്‍ദേശപ്രകാരം ജില്ല മെഡിക്കല്‍ ഓഫീസര്‍ രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും കേസിലെ തുടര്‍നടപടികള്‍. മഞ്ചേരി മെഡിക്കല്‍ കോളേജ്, കോഴിക്കോട് കോട്ടപ്പറമ്പ് ഗവ. ആശുപത്രി, ഓമശേരി, മുക്കം എന്നിവിടങ്ങളിലെ സ്വകാര്യാശുപത്രികളിലും ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇരട്ടക്കുട്ടികള്‍ മരിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഈ സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്.